ആന്ധ്രാപ്രദേശ്: വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത അധ്യാപകനെ മർദ്ദിച്ച്, ന​ഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. നാൽപത് വയസ്സുള്ള രാംബാബു എന്ന ഇം​ഗ്ലീഷ് അധ്യാപകനാണ് ജനക്കൂട്ടത്തിന്റെ ശിക്ഷയേറ്റുവാങ്ങിയത്. രണ്ട് വർഷമായി ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു വരികയായിരുന്നു. ആന്ധ്രാപ്രദേശിലെ തെക്ക് ​ഗോദാവരി ജില്ലയിലെ എലുരു പട്ടണത്തിലൂടെയാണ് അധ്യാപകനെ നടത്തിയത്. അതുവഴി പോയ വഴിപോക്കർ സംഭവത്തിന്റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൾ പോസ്റ്റ് ചെയ്തിരുന്നു.

പതിനെട്ടുകാരിയായ പെൺകുട്ടി ​ഗർഭിണിയായതോടെ ​ഗർഭം അലസിപ്പിക്കാൻ ഇയാൾ ​ഗുളികകൾ നൽകി. ​​ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് വീട്ടുകാർ സംഭവം അറിയുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് രാംബാബുവിനെ മർദ്ദിച്ച് തെരുവിലൂടെ നടത്തിയത്. പിന്നീട് ഇയാളെ ജനങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ഇയാൾ നാണം മറയ്ക്കാൻ വസ്ത്രങ്ങൾ ലഭിച്ചത്. അറസ്റ്റ് ചെയ്ത രാംബാബുവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.