ഇന്‍ഡോര്‍: ഹോം വര്‍ക്ക് ചെയ്യാത്തതിന് കുട്ടികളെ തല്ലുകയും വേണം പക്ഷേ കേസും നടപടികളുമൊന്നും വരാനും പാടില്ല. മദ്ധ്യപ്രദേശിലെ ജബുവ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലത്തില്‍ ഒരു അധ്യാപകന്‍ ഇതിനൊ വഴി കണ്ടുപിടിച്ചു. ഹോം വര്‍ക്ക് ചെയ്യാതെ ക്ലാസില്‍ വന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ ഒരാഴ്ച മുഴുവന്‍ തല്ലാന്‍ മറ്റ് ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളെ ഏല്‍പ്പിച്ചു. 

ആറാം ക്ലാസിലെ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരോ കുട്ടിയ്ക്കും ഒരാഴ്ച കൊണ്ട് 168 തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ അധ്യാപകന്‍ കുട്ടികളെ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവം 'സൗഹാര്‍ദ്ദപരമായ ശിക്ഷ' ആയിരുന്നുവെന്നുമാണ് സ്കൂള്‍ അധികൃതരുടെ വാദം. ആര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന സംശയത്താല്‍ നിയമോപദേശം തേടിയിരിക്കുകയാണെന്ന് പൊലീസും അറിയിച്ചു. 

മനോജ് കുമാര്‍ വര്‍മ്മ എന്ന അധ്യാപകനാണ് ജനുവരി 11ന് സയന്‍സ് ഹോം വര്‍ക്ക് ചെയ്യാത്തതിന് കുട്ടികളെ ശിക്ഷിക്കാന്‍ പുതിയ വഴി തെരഞ്ഞെടുത്തത്. ക്ലാസിലെ എല്ലാ കുട്ടികളും ഹോം വര്‍ക്ക് ചെയ്യാത്തവര്‍ക്ക് വരുന്ന ആറ് ദിവസങ്ങളിലും രണ്ട് അടി വീതം കൊടുക്കണമെന്നായിരുന്നത്രെ നിര്‍ദ്ദേശം. ഇത് കുട്ടികള്‍ അനുസരിക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ ആഘാതമാണ് ഇതിലൂടെ ഉണ്ടായതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സുഖമില്ലാത്തത് കൊണ്ടാണ് ഹോം വര്‍ക്ക് ചെയ്യാതിരുന്നതെന്ന് അധ്യാപകനെ അറിയിച്ചിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ പരിക്കൊന്നും കണ്ടെത്തിയിട്ടില്ല. മര്‍ദ്ദിച്ച കുട്ടികള്‍ക്കെതിരെ കേസെടുക്കണമോ ഇതിന് നിര്‍ദ്ദേശം നല്‍കിയ അധ്യാപകനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് നിയമോപദേശം തേടിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. അധ്യാപകര്‍ക്ക് തല്ലാന്‍ കഴിയാത്തതിനാല്‍ കുട്ടികളെ ഈ ജോലി ഏല്‍പ്പിക്കുകയായിരുന്നെന്നും കുട്ടികള്‍ ചെറിയ രീതിയില്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നുമാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ സാഗര്‍ പറഞ്ഞത്.