മോദിയുടെ ക്യാംപയിന് പിന്തുണ പ്രഖ്യാപിക്കാൻ സ്വന്തം വിവാഹ ക്ഷണക്കത്ത് ഉപയോഗിച്ച് അധ്യാപകൻ. അഖ്വീലിന്റെ ഭാവിവധുവായ നഹീദും ഇക്കാര്യത്തില്‍ പിന്തുണയുമായി കൂടെയുണ്ട്

ഗൊരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാംപയിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ വിവാഹ ക്ഷണക്കത്തുമായി അധ്യാപകന്‍. മോദിയുടെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ക്യാംപയിന് പിന്തുണ ആവശ്യപ്പെട്ടുള്ള സന്ദേശം ഉള്‍പ്പെടുത്തിയാണ് ഗൊരഖ്പൂര്‍ സ്വദേശിയായ മുഹമ്മദ് അഖ്വീല്‍ തന്റെ വിവാഹ ക്ഷണക്കത്ത് ഇറക്കിയിരിക്കുന്നത്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വിവാഹ ക്ഷണക്കത്ത് അടിച്ചതെന്ന് മുഹമ്മദ് അഖ്വീല്‍ പറഞ്ഞു. 

'ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പലതും ചെയ്ത് വിവാഹ ക്ഷണക്കത്തുകള്‍ ഭംഗിയാക്കുന്നവരുണ്ട്. എന്നാല്‍ അതിന് പകരം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. അതിനാലാണ് മോദിയുടെ ക്യാംപയിന് പിന്തുണ പ്രഖ്യാപിക്കുന്നത്. അറിവ് നേടാന്‍ തന്നെയാണ് ഇസ്ലാം മതം വിശ്വാസികളോട് നിര്‍ദേശിക്കുന്നതെങ്കിലും സമുദായത്തിനകത്ത് നിരക്ഷരരായ ആളുകള്‍ ധാരാളമുള്ളതിനാല്‍ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറവാകുന്നു'- മുഹമ്മദ് അഖ്വീല്‍ പറഞ്ഞു. 

അഖ്വീലിന്റെ ഭാവിവധുവായ നഹീദും ഇക്കാര്യത്തില്‍ പിന്തുണയുമായി കൂടെയുണ്ട്. ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയാകാനുള്ള ശ്രമത്തിലാണ് നഹീദ്. ഈ മാസം 18നാണ് ഇവരുടെ വിവാഹം.