ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഷിഹാബുദ്ദീന് ഹോസ്റ്റലിന് പുറത്തുള്ള ചിലരുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ ചൂലൂര്‍ അറബിക് കോളജിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. ചൂലൂര്‍ ദാറുല്‍ ഇഹ്സാന്‍ അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഷിഹാബുദ്ദീനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഷിഹാബുദ്ദീന് ഹോസ്റ്റലിന് പുറത്തുള്ള ചിലരുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം.ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി സ്കൂളിലെ അധ്യാപകനും പ്രിന്‍സിപ്പാളും മര്‍ദ്ദിച്ചെന്നാണ് പരാതി. കഴുത്തിലും ഇടതു കൈയ്‌ക്കും പുറത്തും പരിക്കേറ്റ ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ച് കൊല്ലമായി ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ഷിഹാബുദ്ദീനെ മര്‍ദ്ദനത്തിന് ശേഷം പിതാവിനെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. സംഭവത്തില്‍ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇതുപോലെ മര്‍ദ്ദനമുണ്ടായിട്ടുണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ മോശം കൂട്ടുകെട്ട് ഉണ്ടായതിനാല്‍ താക്കീത് ചെയ്തതാണെന്നാണ് അധ്യാപകരുടെ വിശദീകരണം.