പുണെ: വാഹനാപകടത്തിൽപെട്ട്​ നടുറോഡിൽ ജീവന്​ വേണ്ടി യാചിച്ച്​ മണിക്കൂറുകള്‍ കിടന്ന 25കാരനായ യുവാവ് മൊബൈലിൽ ചിത്രം പകർത്താൻ മത്സരിച്ച കാഴ്​ചക്കാരുടെ മുന്നിൽ പിടഞ്ഞുമരിച്ചു. സതീഷ്​ പ്രഭാകർ മെ​ട്ടെ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്​ നാട്ടുകാരുടെ കടുത്ത അനാസ്​ഥ മൂലം ജീവന്‍ നഷ്‍ടമായത്. പുണെ നഗരത്തിലെ ഭൊസാരിയിൽ ഇന്ദ്രയാനി നഗർ കോർണറില്‍ ബുധനാഴ്​ച വൈകീട്ടാണ്​ ​ രാജ്യത്തെ നടുക്കിയ അപകടം.

യുവാവിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ മുഖവും മറ്റു ശരീരഭാഗങ്ങളും ചോരയിൽ കുളിച്ച്​ റോഡിൽ കിടന്ന യുവാവി​​ന്‍റെ ചിത്രങ്ങൾ പകർത്താനും വീഡിയോ എടുക്കാനും മത്സരിക്കുകയായിരുന്നു ജനക്കൂട്ടം. യുവാവിനെ ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല.

ഒടുവില്‍ ഏറെ നേരം കഴിഞ്ഞ്​ ഇതുവഴി വന്ന സമീപത്തെ ആശുപത്രിയിലെ ഡോക്​ടറാണ് യുവാവിനെ ആശുപത്രിയിലേക്ക്​ മാറ്റിയത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. തലക്കേറ്റ​ ഗുരുതര പരിക്കേറ്റതാണ്​ മരണ കാരണം.

താൻ എത്തു​മ്പോൾ യുവാവ്​ കൈകളും കാലും ഇളക്കിയിരുന്നുവെന്നും നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും ഡോക്​ടർ കാർത്തിക്​രാജ്​ കാടെ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.