ബാലവിവാഹത്തില്‍ നിന്നും രക്ഷിച്ച പതിനഞ്ചു വയസുകാരി വിവാഹം നിശ്ചയിച്ചിരുന്ന വരന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചു

മൂന്നാര്‍: ബാലവിവാഹത്തില്‍ നിന്നും രക്ഷിച്ച പതിനഞ്ചു വയസുകാരി വിവാഹം നിശ്ചയിച്ചിരുന്ന വരന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചു. ബൈസണ്‍വാലി സ്വദേശിയായ പെണ്‍കുട്ടി വട്ടവട സ്വാമിയാര്‍ അളകുടിയിലെ ചന്ദ്രന്‍റെ വീട്ടിലാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയും ചന്ദ്രനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞ ചൈല്‍ഡ് ലൈന്‍ ഇത് തടഞ്ഞു

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ചന്ദ്രനുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞത്. 27 വയസുള്ള ചന്ദ്രനുമായി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷമേ വിവാഹം നടത്തൂ എന്ന് ഇരുവീട്ടുകാരില്‍ നിന്നും എഴുതി വാങ്ങിയിരുന്നു. പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. എന്നാല്‍ ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ചന്ദ്രന്‍റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതേതുടര്‍ന്ന് ചന്ദ്രന്‍ അടിമാലിയിലെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

പിന്നാലെ വെള്ളിയാഴ്ച പെണ്‍കുട്ടിയെ ചന്ദ്രന്‍റെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ചന്ദ്രന്‍റെ വീട്ടിലെത്തിയ കാര്യം പോലീസ് സ്‌റ്റേഷനിലോ, ചൈല്‍ഡ് ലൈനിലോ, ആശാ പ്രവര്‍ത്തകരയോ അറിയിച്ചിരുന്നില്ല. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ദേവികുളം എസ്‌ഐ പറഞ്ഞു.