അകന്ന ബന്ധു കൂടിയായ മുതിര്‍ന്ന സഹപാഠിയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുമെന്ന് ഭയന്നാണ് രശ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ഹൈദരാബാദ്: മരണത്തോട് മല്ലിടുന്നതിനിടയില്‍ വിവാഹം അതും ആശുപത്രിക്കിടക്കയില്‍. കൗതുകം തോന്നുന്ന രീതിയിലുള്ള വിവാഹത്തിനാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രി സാക്ഷ്യം വഹിച്ചത്. അകന്ന ബന്ധു കൂടിയായ മുതിര്‍ന്ന സഹപാഠിയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുമെന്ന് ഭയന്നാണ് രശ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രശ്മിയ്ക്ക് പിന്നാലെ നവാസ് കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് സംഭവങ്ങള്‍ വീട്ടുകാര്‍ക്ക് മനസിലാവുന്നത്. 

പിന്നെ ഏറെ താമസിച്ചില്ല ഇവര്‍ തമ്മിലുള്ള വിവാഹം ആശുപത്രിയില്‍ വച്ച് തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു വീട്ടുകാര്‍. ഇവരുടെ ബന്ധത്തെക്കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്ര ശക്തമാണ് ബന്ധമെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഐ വി ഫ്ലൂയിഡ് നല്‍കാനുള്ള ട്യൂബുകള്‍ ഘടിപ്പിച്ച രീതിയിലുള്ള ഇവരുടെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഘട്ടത്തിലായിരുന്നു രശ്മിയുടെ ആത്മഹത്യാ ശ്രമം. മുസ്‍ലിം ആചാരപ്രകാരമായിരുന്നു വിവാഹം. ഗുരുതരാവസ്ഥയില്‍ തുടരുകയാണ് നവാസും രശ്മിയും. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് വികാരാബാദ് പൊലീസ് വ്യക്തമാക്കി.