ഹൈദരാബാദ്: ഹൈദരാബാദില്‍ 25കാരിയയ യുവതിയെ സ്വന്തം സഹോദരന്‍മാരും അവരുടെ ഭാര്യമാരും ചേര്‍ന്ന് ചങ്ങലക്കിട്ടു. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. തെലങ്കാന സ്വദേശിനി ഗീതയ്ക്കാണ് ദുരനുഭവം.
തെലങ്കാനയില്‍ വീട്ടിന് പുറത്ത് കെട്ടിയിട്ട നിലയില്‍ യുവതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ ഇരുമ്പ് ചങ്ങലയ്ക്കിട്ടതിന് പുറമെ ഭക്ഷണം നല്‍കാറില്ലെന്നും വല്ലപ്പോഴും മുളക് പൊടിയിട്ട ചോറ് മാത്രമാണ് നല്‍കാറുള്ളതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒരിക്കലും പുറത്തിറങ്ങാന്‍ സമ്മതിക്കാതെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി.
എന്നാല്‍ കുടുംബത്തെ കണ്ടെത്തിയ പൊലീസിനോട് വിപരീതമായ മൊഴിയാണ് കുടുംബാംഗങ്ങള്‍ നല്‍കിയത്. പെണ്‍കുട്ടി മാനസിക രോഗിയാണെന്നും അവര്‍ പലയിടത്തും അക്രമങ്ങള്‍ കാണിക്കുന്നതായും സഹോദരങ്ങള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം യുവതി താന്‍ ഒരു ബിരുദദാരിയാണെന്നും നേരത്തെ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കുടുംബം ഹൈദരാബദില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരെയുള്ള ജഗ്തിയാലില്‍ താമസം തുടങ്ങിയത്.
സംഭവത്തില്‍ പൊലീസ് കുടുംബത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിക്ക് മാനസിക അസ്വാസ്ത്യം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ ചികിത്സ നല്‍കുമെന്നും പൊലീസ് അറിയിച്ചു.

