ലഖ്നൗ:ദളിത് വനിതാ ബിജെപി എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഗംഗാജലം ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ആരാധനാ മൂര്‍ത്തികളെ ശുദ്ധീകരിക്കാനായി അലഹബാദിലേക്ക് അയക്കുകയും ചെയ്തു. സ്വന്തം മണ്ഡലത്തിലെ ദ്രും റിഷി ക്ഷേത്രത്തിലാണ് എംഎല്‍എ മാനിഷാ അനുരാഗി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ക്ക് വിലക്കുള്ളത് എംഎല്‍എയ്ക്ക് അറിയില്ലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുട ആവശ്യപ്രകാരമാണ് എംഎല്‍എ അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിച്ചത്.  സ്ത്രീകള്‍ ഈ അമ്പലത്തില്‍ പ്രവേശിച്ചാല്‍ പലവിധത്തിലുള്ള പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. 

എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പൂജാരി സ്വാമി ദയാനന്ദ് മഹാന്ദ് യോഗം വിളിച്ചിരുന്നു. യുവതി ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ദൈവ കോപം നേരിടുകയാണെന്നും മഴ ഒരു തുള്ളി പോലും ലഭിച്ചിട്ടില്ലെന്നുമാണ് ഇവരുടെ വാദം.

പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എംഎല്‍എയെ അമ്പലത്തില്‍ കയറാന്‍ അനുവദിച്ചെങ്കിലും പിന്നീട് അമ്പലം ശുദ്ധീകരിക്കാനായി അടക്കുകയായിരുന്നു.  സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച അമ്പലമാണിതെന്ന് അറിയില്ലായിരുന്നു. അറിയുമായിരുന്നെങ്കില്‍ പ്രവേശിക്കുമായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് താന്‍ പോയതെന്നാണ് സംഭവത്തോടുള്ള എംഎല്‍എയുടെ പ്രതികരണം.