ചെന്നൈയിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു പ്രതി തൊണ്ണൂറ്റൊൻപത്  വയസ്സുള്ള റിട്ടയേർഡ് അധ്യാപകൻ

ചെന്നൈ: പത്ത് വയസ്സുകാരി പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച തൊണ്ണൂറ്റൊൻപത് വയസ്സുള്ള റിട്ടയേർഡ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നെയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം. പെൺകുട്ടിയുടെ കുടുംബം രണ്ടു വർഷമായി വാടകയ്ക്ക് താമസിക്കുന്നത് ഇയാളുടെ വീട്ടിലാണ്. വയറു വേദനിക്കുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് വീട്ടുകാർ മനസ്സിലാക്കിയത്. 

കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് തന്നെ പീഡിപ്പിച്ചതായി കുട്ടി തന്നെ പൊലീസിന് മൊഴി നൽകി. സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു പ്രതി. ഏഴ് മക്കളുടെ പിതാവായ ഇയാൾ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ ഭാ​ഗമാണ്. പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.