ജമ്മു-കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ അഖ്നൂറിൽ ജനറൽ റിസർവ്വ് എഞ്ചിനിയറിംഗ് സേനയുടെ ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.ക്യാമ്പിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

സൈനിക വക്താവ് നൽകിയ വിവരമനുസരിച്ച് പുലർച്ചെ 1.15ലാണ് അഖ്നൂറിലെ ജനറൽ റിസർവ്വ് എഞ്ചിനിയറിംഗ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്..നിയന്ത്രണരേഖയിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന സൈനിക ക്യാമ്പിലേക്ക് ബട്ടാൽ ഗ്രാമം വഴിയാണ് തീവ്രവാദികൾ നുഴഞ്ഞ് കയറിയതെന്ന് സുരക്ഷാ സേന കരുതുന്നു. വൻ ആയുധ സന്നാഹങ്ങളുമായി എത്തിയ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ക്യാമ്പിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.വെടി ഉതിർത്ത ശേഷം ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു..ഇവർ എത്രപേരുണ്ടെന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണമായിട്ടില്ല..ഏത് തീവ്രവാദ സംഘടനയാണ് ഇതിന് പിന്നിലെന്നും അന്വേഷണം നടക്കുകയാണ്

ആക്രമണത്തെ തുടർന്ന് അഖ്നൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള സൈനിക ക്യാമ്പുകൾക്ക് സൈന്യം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്..പ്രദേശത്ത് പൊലീസും സുരക്ഷാ സേനയും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്..ജമ്മു കശ്മീർ നിയമസഭ ചേരുന്ന സമയമായതിനാൽ തീവ്രവാദ നീക്കങ്ങൾക്ക് മേൽ കനത്ത നിരീക്ഷണമാണ് സൈന്യം പുലർത്തുന്നത്.