മുംബൈ: ഇന്ത്യതേടുന്ന ഭീകരന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ഒരുങ്ങുന്നതായ വെളിപ്പെടുത്തലുമായി നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. കീഴടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച ദാവൂദ് ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും താക്കറെ വെളിപ്പെടുത്തി. 

രാജ് താക്കറെ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അധോലോക നായകന്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയുടെ മണ്ണില്‍വെച്ച് മരിക്കണമെന്നാണ് ദാവൂദിന്റെ ആഗ്രഹമെന്നും താക്കറെ വെളിപ്പെടുത്തുന്നു. അതിനാലാണ് കേന്ദ്രസര്‍ക്കാരുമായി ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ നടത്തുന്നതെന്നും രാജ് താക്കറെ വ്യക്തമാക്കുന്നു.

ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും, പ്രധാനമന്ത്രി മോഡിയും അത് നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും രാജ് താക്കറെ വിമര്‍ശനം ഉയര്‍ത്തി. മുംബൈയില്‍ സ്‌ഫോടനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യം മോദി നേടിയെടുത്തു എന്ന തരത്തില്‍ ദാവൂദിന്‍റെ കീഴടങ്ങല്‍ ആക്കിതീര്‍ക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

ദാവൂദിനെ ആരും ഇന്ത്യയിലേയ്ക്ക് കൊണ്ടു വരികയല്ല, ഇന്ത്യയിലേയ്ക്ക് വരാന്‍ ദാവൂദിനാണ് ആഗ്രഹമെന്നും താക്കറെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദേശത്തുള്ള കള്ളപ്പണം തിരികെ രാജ്യത്ത് എത്തിക്കുമെന്ന് വാഗ്ദാനവുമായി അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും രാജ് താക്കറെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. അടുത്തിടെ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ കണ്ടുകെട്ടിയിരുന്നു.