സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്കായി ഈ അധ്യയന വര്‍ഷം ആകെ വേണ്ടത് നാല് കോടി 38 ലക്ഷം പാഠപുസ്തകങ്ങളാണ്. ഇതില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി സ്കൂളുകളില്‍ വിതരണം ചെയ്തു കഴിഞ്ഞു. ഹൈസ്കൂളില്‍ ഇത്തവണ പുതിയ സിലബസ് ആയതിനാല്‍ അച്ചടി വളരെ നേരത്തെ തുടങ്ങിയിരുന്നു. ഈ ക്ലാസുകളിലെ ഐടി പുസ്തകം മാത്രമെ ഇനി അച്ചടിക്കാനുള്ളൂ. എന്നാല്‍ ഒന്നു മുതല്‍ ഏഴു വരെയുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാന്‍ ഇനിയും രണ്ടാഴ്ചയെങ്കിലും എടുക്കും. രണ്ടു കോടി 88 ലക്ഷം പുസ്കങ്ങളുടെ അച്ചടി പൂര്‍ത്തയാക്കി എത്രയും വേഗം വിതരണത്തിനെത്തിക്കാനുളള ശ്രമത്തിലാണ് കേരള ബുക്‌സ് ആന്‍റ് പബ്ലിഷിംഗ് സൊസൈറ്റി. കഴിഞ്ഞ അധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ വൈകിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.