തൃശൂര്‍: അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകം ജൂണ്‍ മാസം പകുതിയോടെ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പാഠപുസ്‌തകം അടുത്ത മാസം പകുതിയോടെ തന്നെ സ്കൂളുകളില്‍ എത്തിക്കും. പാഠപുസ്‌കങ്ങളുടെ അച്ചടി എഴുപതുശതമാനം പൂര്‍ത്തിയായെന്നും രവീന്ദ്രനാഥ് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാഠപുസ്‌തക വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും ഏറെ പഴി കേട്ടിരുന്നു.

മലാപ്പറമ്പ്, കിരാലൂര്‍ സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കോടതി നിര്‍ദ്ദേശത്തിനനുസരിച്ച് തീരുമാനം കൈക്കൊള്ളും. സ്‌കൂള്‍ പ്രവേശനത്തിന് യാതൊരു തരത്തിലുള്ള കോഴയും അനുവദിക്കില്ലെന്നും രവീന്ദ്രനാഥ് പറഞ്ഞു.

തസ്തിക നിര്‍ണയത്തില്‍ അധികം വരുന്ന അധ്യാപകരുടെ കണക്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അധികം വരുന്ന അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്ന പ്രശ്‌നത്തില്‍ രണ്ട് മാസത്തിനകം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.