നാല് മാസമെങ്കിലും ഫുട്ബോൾ ടീം ഗുഹയ്ക്കകത്ത് കഴിയേണ്ടി വരും ഗുഹയുടെ സങ്കീർണ്ണമായ രൂപഘടനയാണ് വെല്ലുവിളി ഉയർത്തുന്നത്

തായ്‌ലന്‍റ്: വടക്കൻ തായ്‌ലൻഡിലെ വെള്ളം കയറിയ ഗുഹയിൽ ജീവനോടെ കണ്ടെത്തിയ ഫുട്ബോൾ ടീം അംഗങ്ങളെ ഉടൻ പുറത്തെത്തിക്കാനാവില്ലെന്ന് സൈന്യം. ഗുഹയുടെ സങ്കീർണ്ണമായ രൂപഘടനയാണ് വെല്ലുവിളി ഉയർത്തുന്നത്. നാല് മാസമെങ്കിലും ഫുട്ബോൾ ടീം ഗുഹയ്ക്കകത്ത് കഴിയേണ്ടി വരും. 

നിരവധി വഴികളും അറകളുമുള്ള താം ലുവാങ് ഗുഹ യുടെ രൂപഘടന അതിസങ്കീർണ്ണമാണ്. ഗുഹയ്ക്ക് അകത്ത് വെള്ളം കെട്ടിക്കിടക്കുയാണിപ്പോൾ. നീന്തൽ അറിയാതെ പുറത്തെത്തുക അസാധ്യമാണെന്ന് സൈന്യം പറയുന്നു. എന്നാൽ, കൂരിരുട്ടിൽ നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതും അപകടമാണ്. വെള്ളം കുറയുന്നത് വരെ കാത്തിരിക്കുക അല്ലെങ്കിൽ പമ്പ് ഉപയോഗിച്ച് വെള്ളം കളയുക എന്നീ സാധ്യതകളാണ് പരിഗണിക്കുന്നത്. ഏറെ വലിപ്പമുള്ള ഗുഹയിൽ ചെളികെട്ടിക്കിടക്കുന്നതിനാൽ വെള്ളം പമ്പ് ചെയ്ത് കളയുക എളുപ്പമല്ല.

നാല് മാസമെങ്കിലും ടീം അംഗങ്ങൾ ഗുഹയിൽ കഴിയേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണം ഗുഹയ്ക്കകത്ത് എത്തിക്കും. വിദഗ്ധരായ ഡോക്ടർമാരും കുട്ടികളെ ചികിത്സിക്കും. മറ്റൊരു വഴിയിലൂടെ തുരങ്കം നിർമ്മിച്ച് ഇവരെ പുറത്തെത്തിക്കാനാവുമോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. ആയിരത്തിലധികം പേർ പങ്കെടുത്ത 9 ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് പരിശീലകനും 13 പേരും അടങ്ങുന്ന ഫുട്ബോൾ ടീമിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ചിയാങ് റായിൽ ഗുഹ കാണാനായി കയറിയ 13 പേരടങ്ങുന്ന ഫുട്ബോ‌ൾ ടീമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണ് ഗുഹയ്ക്കുള്ളിലുള്ളത്. ഗുഹ കാണാൻ ഇവർ അകത്തുകയറിയതിന് പിന്നാലെ കനത്ത മഴ പെയ്തതോടെ ഇവർ അകപ്പെടുകയായിരുന്നു. 

8 കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള സാഹസികത നിറഞ്ഞ താം ലുവാഹ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ഇതേതുടർന്ന് അകത്തേക്ക് പ്രവേശിക്കുന്നതിന് അധികൃതർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് കുട്ടികളും പരിശീലകനും ഗുഹയ്ക്കകത്ത് കയറിയത്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കയറിയതിന് പിന്നാലെ കനത്ത മഴയിൽ ഗുഹയിൽ വെള്ളം നിറയുകയായിരുന്നു.