അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്ന് മോഷ്ടാവ് കവര്‍ന്ന സ്വര്‍ണം തിരികെ ഏല്‍പ്പിച്ചു

അമ്പലപ്പുഴ: വഴിയില്‍ കിടന്ന് കിട്ടിയ സ്വര്‍ണവും പണവുമെല്ലാം ഉടമസ്ഥനെ കണ്ട് പിടിച്ച് തിരിച്ചുകൊടുത്ത് മാതൃകയായവർ നിരവധിയാണ്. എന്നാൽ മോഷ്ടിച്ച സാധനം തിരിച്ചുകൊടുത്ത മാപ്പ് പറഞ്ഞ മോഷ്ടാക്കളെ കുറിച്ച് കേട്ടുകേൾവിയുണ്ടാകില്ല. നിവൃത്തികേടുകൊണ്ട് മോഷ്ടിക്കേണ്ടി വന്നുകൊണ്ട്, ആ പേരില്‍ മോഷ്ടാവായി തുടരാന്‍ ആഗ്രഹിക്കാതെ കട്ടെടുത്ത മുതൽ തിരികെ നൽകി ക്ഷമചോദിച്ചിരിക്കയാണ് ഒരു മോഷ്ടാവ്. തകഴിയിൽ ആണ് സംഭവം.

തകഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ സരസുധയിൽ മതികുമാറിന്റെ വീട്ടിൽ നിന്നും കവര്‍ന്ന മോഷണമുതലാണ് കള്ളൻ പിറ്റേന്ന് വീട്ടിലെത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കുടുംബസമേതം മതികുമാർ കരുവാറ്റയിലുള്ള ബന്ധുവീട്ടിലെ വിവാഹചടങിൽ പങ്കെടുക്കാൻ പോയി. പിറ്റേന്ന് തിരിച്ചെത്തിയപ്പോൾ വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിഞ്ഞനിലയിൽ കണ്ടു. പരിശോധനയില്‍ വിടിനുള്ളിലെ അലമാര കുത്തിത്തുറന്ന് ഉണ്ടായിരുന്ന സ്വർണ്ണം കള്ളൻ കൊണ്ടുപോയതായി മനസിലാക്കി.

മതികുമാറിന്റെ ഭാര്യ റീനയുടെ മോതിരം, കമ്മൽ,ലോക്കറ്റുൾപ്പെടെ ഒന്നര പവൻ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. ഇതിനിടയിലാണ് കളവുപോയ സ്വർണ്ണം വ്യാഴാഴ്ച രാവിലെ ഒരു ഗ്രാം പോലും കുറവില്ലാതെ പൊതിഞ്ഞ് കള്ളൻ വീട്ടുമുറ്റത്തെത്തിച്ചത്. ഗേറ്റിന് മുന്നിലിട്ടിരുന്ന പൊതിയോടൊപ്പം മാപ്പ് ചോദിച്ചെഴുതിയ കത്തുമുണ്ടായിരുന്നു. എന്റെ അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്, എനിക്ക് മാപ്പ് നൽകണം. പൊലീസിനെകൊണ്ട് എന്നെ പിടിപ്പിക്കരുതെന്നും കത്തിൽ എഴുതിയിരുന്നു. പരാതി പ്രകാരം കേസ് റജിസ്റ്റർ ചെയ്യാതിരുന്നതിനാൽ കിട്ടിയ മുതൽ ഉടമയുടെ കൈവശം തന്നെയാണ്. കളവുപോയ മുതൽ തിരിച്ചുകിട്ടിയ സന്തോഷത്തിൽ മതികുമാറും കുടുംബവും പരാതിയും പിൻവലിച്ചു.