കോട്ടയം: തലയോലപ്പറമ്പ് കൊലപാതകകേസില്‍  മാത്യുവിന്റേതെന്ന് കരുതുന്ന തുടയെല്ലുകള്‍ പൊലീസ്  കണ്ടെടുത്തു. മൃതദേഹം കുഴിച്ചു മൂടാന്‍ പ്രതി അനീഷിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് പൊലീസ് അന്വേഷിക്കും. തലയോലപ്പറമ്പ് മാത്യു കൊലപാതക കേസിന് ബലമേകിയാണ് തുടയെല്ലുകള്‍ അന്വേഷണ സംഘം മൂന്നു നില കെട്ടിടത്തിന്റെ സമീപത്ത് നിന്ന് കുഴിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കൈയുടെയും കാലുകളുടെയും എല്ലുകള്‍ കണ്ടെടുത്തിരുന്നു. മണ്ണിനടയില്‍ നിന്ന് കിട്ടിയ വാച്ച് മാത്യുവിന്റേതാണ് മകള്‍ തിരിച്ചറിഞ്ഞിരുന്നു . എല്ലുകള്‍ മാത്യുവിന്റേതാണെന്ന ഉറപ്പാക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ഇതിനായി മാത്യുവിന്റെ മകള്‍, ഭാര്യ, സഹോദരന്‍ എന്നിവരുടെ രക്തസാംപിളുകള്‍ എടുത്തു. മൃതദേഹാവശിഷ്‌ടങ്ങള്‍ തേടിയുള്ള പരിശോധന നിര്‍ത്തി.

പ്രതി അനീഷിന് മറ്റാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.അതേസമയം, ഇക്കാര്യം സ്ഥിരികരിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യും. 2008 നവംബര്‍ 25 ന് അനീഷ് മാത്യുവിനെ കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അതിന് ശേഷം മൃതദേഹം അനീഷിന്റെ കടയുടെ പിന്‍ഭാഗത്ത് കുഴിച്ചിട്ടു. പിന്നേട് മൃതദേഹത്തില്‍ നിന്ന് നെഞ്ചിന്റെ ഭാഗം മുറിച്ചു മാറ്റി പുഴയോരത്ത് തള്ളിയെന്നാണ് പ്രതിയുടെ കുറ്റസമ്മതം.കള്ളനോട്ട് കേസില്‍ അനീഷിന്റെ സഹതടവുകാരനായ പ്രേമനാണ് കൊലപാതക വിവരവും കുഴിച്ചിട്ട സ്ഥലവും സ്ഥിരീകരിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായ മൊഴി നല്‍കിയത്.