താമരശേരി: സഭാംഗങ്ങള്‍ക്ക് വിവാഹ പ്രായപരിധി നിശ്ചയിച്ച് തമരശ്ശേരി രൂപതാ സര്‍ക്കുലര്‍. ആണ്‍കുട്ടികള്‍ 25 വയസിനു മുന്‍പും പെണ്‍കൂട്ടികള്‍ 23 വയസിനു മുന്‍പും വിവാഹം കഴിക്കണമെന്നാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം. താമരശ്ശേരി രൂപതയുടെ എപ്പിയാര്‍ക്കിയല്‍ അസംബ്ലിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനി ഈമാസം 8ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ആണ്‍കുട്ടികള്‍ 25 വയസിനു മുന്‍പും പെണ്‍കൂട്ടികള്‍ 23 വയസിനു മുന്‍പും വിവാഹം കഴിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം.വൈകിയ പ്രായത്തില്‍ കല്യാണം കഴിക്കുന്നത് ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിനും വളര്‍ച്ചയിലും കൂടുംബ സംവിധാനങ്ങള്‍ രൂപപെടുത്തുന്നതിലും വിപരീത സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതിന് കാരണമാകും . അതിനാല്‍ ഭാവി സുരക്ഷിതമായിട്ട് വിവാഹിതരാകാം എന്ന ചിന്തയില്‍ നിന്നുമാറി വിവാഹം കഴിച്ച് രണ്ട് പേരുമൊരുമിച്ച് ഭാവി കെട്ടിപടുക്കാം എന്ന കാഴ്ചപാടിലേക്ക് തിരികെ പോകണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

തീരുമാനം രൂപതയില്‍ നിയമമായിതന്നെ സ്വീകരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.വിവാഹം വിശുദ്ധ ചടങ്ങായതതിനാല്‍ വൈദികര്‍ ചെയ്യുമെന്നും ഇവന്റ് മാനേജര്‍മാരുടെ ആവശ്യമില്ലെന്നും പറയുന്ന സര്‍ക്കുലര്‍ വധുവിന്റെ വസ്‌ത്രധാരണം സംസ്കാരത്തിന് യോജിച്ചതാവണമെന്നും നിര്‍ദ്ദേശിക്കുന്നു.ആഘോഷങ്ങളില്‍ മദ്യം ഉപയോഗിക്കരുതെന്നും പള്ളികളിലെ ആഘോഷങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലറിലുണ്ട്.