Asianet News MalayalamAsianet News Malayalam

അലിഗഡ് സര്‍വ്വകലാശാലയില്‍  സംഘര്‍ഷം: 300ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

  • മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. 
  • എഴുപതിലധികം വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം.
The Aligarh University has called for a change in the image of Mohammad Ali Jinnah

അലിഗഡ്:   മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തിന്റെ പേരില്‍ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ ഉടലെടുത്ത സംഘര്‍ഷം രൂക്ഷമാകുന്നു. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജിന്നയുടെ പടം സര്‍വ്വകലാശലയില്‍ നിന്ന് മാറ്റണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

ജെഎന്‍യുവിനും ഹൈദരാബാദ് സര്‍വ്വകലാശാലയ്ക്കും പിന്നാലെ ദേശീയതയുടെ പേരിലുള്ള സംഘര്‍ഷം അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലും തുടരുകയാണ്. പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ തൂക്കിയിരിക്കുന്നതിന്റെ പേരിലാണ് സംഘര്‍ഷം ഉടലെടുത്തത്. 

ജിന്നയുടെ ചിത്രം സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആയുധങ്ങളുമായി ക്യാമ്പസിലേക്ക് ഇരച്ച് കയറി. അക്രമത്തില്‍ പരിക്കേറ്റ എഴുപതിലധികം വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇന്ത്യാ പാക്ക് വിഭജന കാലത്തിന് മുമ്പേ യൂണിയന്‍ ഓഫീസില്‍ തൂക്കിയതാണ് മുഹമ്മദലി ജിന്നയുടെ ചിത്രമെന്നും, ജിന്ന സര്‍വ്വകലാശാലാ സ്ഥാപകരില്‍ ഒരാളാണെന്നുമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നിലപാട്.

മുഹമ്മദ് ജിന്നയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ പാക്കിസ്ഥാനിലേക്കാണ് പോകേണ്ടതെന്നും ജിന്നയുടെ ചിത്രം അടിയന്തരമായി ഒഴിവാക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ തടയാന്‍ സര്‍വ്വകലാശയ്ക്കും പരിസരത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സുരക്ഷ.

 

Follow Us:
Download App:
  • android
  • ios