ചുറ്റുമതില്‍ തകര്‍ന്നത് ശരിയാക്കുന്നതാണ് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2600 മീറ്റര്‍ ചുറ്റുമതിലാണ് പ്രളയത്തില്‍ തകര്‍ന്ന് വീണത്

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം 26ന് തന്നെ തുറക്കാനുള്ള ശ്രമത്തിലാണെന്ന് സിയാല്‍ അധികൃതര്‍. ടാക്സി വേ, പാര്‍ക്കിംഗ് ഏരിയ, റണ്‍വേ എന്നിവടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ശുചീകരണ ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ. റണ്‍വേയിലെ അറ്റക്കുറ്റപണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും സിയാല്‍ അറിയിച്ചു.

എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയ ശേഷമേ വിമാനത്താവളം തുറക്കുകയുള്ളൂ. റണ്‍വേയിലെ മുഴുവന്‍ ലെെറ്റുകളും അഴിച്ച് പരിശോധിക്കും. ചുറ്റുമതില്‍ തകര്‍ന്നത് ശരിയാക്കുന്നതാണ് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2600 മീറ്റര്‍ ചുറ്റുമതിലാണ് പ്രളയത്തില്‍ തകര്‍ന്ന് വീണത്.

ഇത് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയം ആഞ്ഞടിച്ചതോടെ കഴിഞ്ഞ 18വരെ വിമാനത്താവളം അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാവുകയായിരുന്നു.