പാവപ്പെട്ട കിടപ്പ് രോഗികളെയും അത്യാസന്ന നിലയിലായ ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെയും കിടത്തി ചികില്‍സിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കരിന്തളത്ത് ആധുനിക സൗകര്യങ്ങളോടുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്

കാസര്‍കോട്: നാട്ടുകാരുടെ ദാനഭൂമിയില്‍ പാവപ്പെട്ട കിടപ്പുരോഗികള്‍ക്കായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം സി.പി.എം. ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് കോളേജിന് വിട്ടുനല്‍കുന്നു. കാസര്‍കോട് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് വിവാദ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മെമ്പര്‍മാരുള്ള കരിന്തളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടേതാണ് ആശുപത്രി കെട്ടിടം.

പാവപ്പെട്ട കിടപ്പ് രോഗികളെയും അത്യാസന്ന നിലയിലായ ക്യാന്‍സര്‍ രോഗികളടക്കമുള്ളവരെയും കിടത്തി ചികില്‍സിക്കാനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കരിന്തളത്ത് ആധുനിക സൗകര്യങ്ങളോടുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്.ആദ്യം നാട്ടുകാര്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ പാലിയേറ്റിവ് കെയറിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ആളുകള്‍ സൗജന്യമായാണ് സ്ഥലം നല്‍കിയത്.

തോളേനിമുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് 90 സെന്റ് സ്ഥലമാണ് പാലിയേറ്റിവിനുള്ളത്.സ്ഥലം ലഭിച്ചതോടെ കെട്ടിടം പണിയാന്‍ കമ്മറ്റി ഭാരവാഹികള്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടിയിരുന്നു.എന്നാല്‍ ഗവണ്‍മെന്റ് സ്ഥാപനമോ പഞ്ചായത്തിന്റെയോ സ്ഥാപനങ്ങള്‍ക്ക് മാത്രമേ നബാര്‍ഡ് സാമ്പത്തിക വായ്പ്പ ലഭിക്കുകയുള്ളു എന്നതിനാല്‍ പാലിയേറ്റിവ് കെയറിന് വേണ്ടി വാങ്ങിയ സ്ഥലം നാട്ടുകാര്‍ പഞ്ചായത്തിന് കൈമാറുകയായിരുന്നു.

സ്ഥലം പഞ്ചായത്തിന് കൈമാറിയതോടെ നബാര്‍ഡ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാന്‍ സാമ്പത്തികവായ്പ്പ അനുവദിച്ചു. 1.25 കോടി രൂപയാണ് കെട്ടിടം പണിക്കായി നബാര്‍ഡ് നല്‍കിയത്.പതിനാറ് മുറികളുള്ള ഇരുനില കെട്ടിടമാണ് പാലിയേറ്റിവ് ആശുപത്രിക്കായി നിര്‍മ്മിച്ചത്.നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ ആശുപത്രി യുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നായിരുന്നു പഞ്ചായത്തിന്റെ അറിയിപ്പ്.

കരിന്തളം പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും ബജറ്റിലും വികസന രേഖയിലും കരിന്തളം പാലിയേറ്റിവ് കെയര്‍ ആശുപത്രി പ്രധാന വികസന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയിരുന്നതാണ്. കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ക്ക് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങളായിരുന്നു കരിന്തളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടേത്.

കേന്ദ്ര സര്‍വ്വകലാശാലയും ബേക്കല്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി മിനി വിമാനത്താവളവും സ്വപ്നം കണ്ട കരിന്തളത്ത് ഇപ്പോള്‍ അനുവദിച്ച സയന്‍സ് കോളേജാണ് രോഗികളുടെ ആതുരാലയത്തിന് തടസ്സമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പി.കരുണാകരന്‍ എം.പി. മുന്‍കൈ എടുത്താണ് കരിന്തളത്ത് കോളേജ് കൊണ്ടുവന്നത്. കോളേജിന് സ്വന്തമായി കെട്ടിടം ഒരുങ്ങും വരെ എം.പി.പഞ്ചായത്തിനോട് കോളേജിന് താല്‍ക്കാലിക സംവിധാനം ഒരുക്കുവാന്‍ അവശ്യപ്പെട്ടിരുന്നു.എം.പി.യുടെ ആവശ്യം പഞ്ചായത്ത് നിറവേറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.

പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന കരിന്തളത്ത് ആശുപത്രി കെട്ടിടം കോളേജിന് മാറ്റിനല്‍കിയാല്‍ പ്രതിഷേധം ഉണ്ടാകാനിടയില്ല എന്നതിനാലാണ് പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആശുപത്രി കെട്ടിടം കോളേജാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ജില്ലയിലെ ആദ്യത്തെ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് കരിന്തളത്തേത്.

പാലിയേറ്റീവ് കെയറിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടം അവര്‍ക്ക് പരിപാലിക്കാന്‍ കഴിയില്ലെന്നും അത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം പാലിയേറ്റീവ് കെയറിന് ഉണ്ടാകുമ്പോള്‍ കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധുബാല പറഞ്ഞു. അത്രയും വലിയ കെട്ടിടം പാലീയേറ്റീവ് കെയറിനെ സംമ്പന്ധിച്ച് അധിക ചെലവുണ്ടാക്കും. കൊല്ലംപാറയില്‍ കോളേജിനായി സ്ഥലം നോക്കിവച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ അവിടെ കോളേജ് കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കോളേജിന്റെ കെട്ടിടം പൂർത്തിയാകുന്ന മുറയ്ക്ക് പാലീയേറ്റീവ് കെയറിന് തന്നെ തിരിച്ചു കൊടുക്കുമെന്നും വുധുബാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.