ചെങ്ങന്നൂർ നഗരസഭയ്ക്ക് കീഴിൽ പൊതുശ്മശാനമില്ലാത്തതാണ് കുട്ടിയമ്മയുടെ കുടുംബത്തിന്‍റെ ദുരവസ്ഥയ്ക്കിടയാക്കിയത്.

ചെങ്ങന്നൂർ: പൊതുശ്മശാനം ഇല്ലാത്തതിനാൽ അമ്മയുടെ മൃതദേഹം റോഡരികിൽ ചിതയൊരുക്കി സംസ്കരിച്ച് ദളിത് കുടുംബം. മകനെ നടുറോട്ടിൽ സംസ്കരിച്ച് മൂന്ന് വർഷം പിന്നിടും മുമ്പാണ് 82 വയസുള്ള കുട്ടിയമ്മയുടെ മൃതദേഹം വീടിന്‍റെ ഷീറ്റ് പൊളിച്ച് റോഡരികിൽ സംസ്കരിച്ചത്. ചെങ്ങന്നൂർ നഗരസഭയ്ക്ക് കീഴിൽ പൊതുശ്മശാനമില്ലാത്തതാണ് കുട്ടിയമ്മയുടെ കുടുംബത്തിന്‍റെ ദുരവസ്ഥയ്ക്കിടയാക്കിയത്.

ആകെയുള്ള അര സെന്‍റ് ഭൂമിയിൽ രണ്ട് കുടുസുമുറികളുള്ളതാണ് ഇവരുടെ വീട്. ഈ വീട്ടിലാണ് മരുമകൾക്കും ചെറുമകൾക്കും ഒപ്പം താമസിക്കുകയായിരുന്ന കുട്ടിയമ്മ വെള്ളിയാഴ്ച്ച മരിച്ചത്. വീട്ടുവളപ്പിൽ സംസ്കാരത്തിന് സ്ഥലമില്ലാത്തതിനാൽ വീടിന്‍റെ ഷീറ്റ് പൊളിച്ചു. കുമരകത്ത് നിന്നെത്തിച്ച ഇരുമ്പ് പെട്ടിയിൽ വീടിനോട് ചേര്‍ന്നുള്ള റോഡരികിൽ ചിതയൊരുക്കി. അടച്ചുറപ്പിലാത്ത വീട്ടിനകത്തേക്ക് പുക കടക്കാതിരിക്കാൻ ജനൽ തകര കൊണ്ട് അടച്ചു. ഇപ്പോൾ ചിതയൊരുക്കിയ സ്ഥലം തകരയും ഇഷ്ടികയും കൊണ്ട് മുടിയിരിക്കുകയാണ്. 

മൂന്ന് വർഷം മുമ്പ് കുട്ടിയമ്മയുടെ മകൻ ശശി ക്യാൻസർ പിടിച്ച് മരിച്ചപ്പോൾ നടുറോട്ടിലാണ് സംസ്കരിച്ചത്. ചെങ്ങന്നൂർ നഗരസഭയ്ക്ക് കീഴിൽ ഒരു പൊതു ശ്മശാനമെന്നത് നാട്ടുകാരുടെ നാൽപത് വർഷമായിട്ടുള്ള ആവശ്യമാണ്. നിരവധി സ്ഥലങ്ങൾ കണ്ടെത്തിയിട്ടും പ്രാദേശിക എതിർപ്പ് കാരണമാണ് നിർമ്മാണം നടക്കാതെ പോകുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം