ഇടുക്കി: മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ വിദേശമദ്യ വില്‍പ്പനശാല ജീവനക്കാരന്റെ അതിക്രമം. അക്രമത്തില്‍ ദേവികുളം സ്വദേശിനിയായ പതിനഞ്ചുകാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ ദേവികുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചക്കഴിഞ്ഞാണ് സംഭവം നടന്നത്. 

ദേവികുളം ആര്‍ഡിഒ ഓഫീസിന് സമീപം പ്രവര്‍ത്തിച്ച് വന്നിരുന്ന ചായക്കടയിലെത്തിയ വിദേശമദ്യ വില്‍പ്പനശാലയിലെ വികാസ് എന്ന ജീവനക്കാരന്‍ കടയിലുണ്ടായിരുന്ന പെണ്‍കുട്ടിയോട് മദ്യപിക്കുന്നതിനായി ചില്ല് ഗ്ലാസ് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ പുറത്ത് പോയിരുന്നതിനാലും ജീവനക്കാരന്‍ മദ്യപിച്ചിരുന്നതിനാലും ഗ്ലാസ് നല്‍കാനാവില്ലെന്ന് അറിയിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷൈനിയെ വികാസ് ആക്രമിക്കുകയായിരുന്നു. സംഭവ സമയത്ത് കടയില്‍ പെണ്‍കുട്ടിയോടൊപ്പം പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിനിയെ അസഭ്യം വിളിക്കുന്നത് കേട്ടെത്തിയ മാതൃസഹോദരന്‍ വികാസിനോട് കടയില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ വികാസ് മാതൃസഹോദരന് നേരെ തിരിയുകയും കടക്കുള്ളിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. 

അയല്‍വാസികള്‍ ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കടയിലെത്തിയ മാതാപിതാക്കളായ ശേഖറിന് നേരെയും അമ്മ വേളാങ്കണ്ണിക്ക് നേരെയും വിദേശമദ്യ വില്‍പ്പനശാല ജീവനക്കാരന്‍ അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് കടക്കുനേരെ വികാസ് നടത്തിയ കല്ലേറിലാണ് പെണ്‍കുട്ടിയുടെ വലതുകണ്ണിന് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലുകൊണ്ടുള്ള ഏറുകൊണ്ട് പെണ്‍കുട്ടിയുടെ കണ്ണിന് ആന്തരികക്ഷതം സംഭവിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദേവികുളം പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.