മാങ്കുളം പതിയില്‍ സാബു സെബാസ്റ്റ്യന്റെയും സോളി സാബുവിന്റെയും ഇളയ മകളാണ് ഷിമിക. 

ഇടുക്കി. ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയ്ക്ക് അഭിമാനമായി ചരിത്രം സൃഷ്ടിച്ച് അഞ്ചുവയസുകാരി. സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന കരാട്ടെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ചു വയസ്സുള്ള മിടുക്കി ഷിമിക സാബു സ്വര്‍ണ്ണമണിഞ്ഞത്. അഞ്ചു വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലായിരുന്നു കിരീടനേട്ടം. മാങ്കുളം പതിയില്‍ സാബു സെബാസ്റ്റ്യന്റെയും സോളി സാബുവിന്റെയും ഇളയ മകളാണ് ഷിമിക. 

43 രാജ്യങ്ങളില്‍ നിന്നും രണ്ടായിരത്തോളം പേര്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പിലായിരുന്നു കൊച്ചുമിടുക്കിയുടെ നേട്ടം. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഷിനികയുടെ സഹോദരിമാരായ ഷിവോണ്‍ സാബുവിനും സിയോണ സാബുവിന് വെങ്കലമെഡലുകളും ലഭിച്ചിട്ടുണ്ട്. ഷിവോണിന് പത്തുവയസ്സിന് താഴെയുള്ളവരുടെയും സിയോണയ്ക്ക് 7 വയസ്സിന് താഴെയുള്ളവരുടെയും വിഭാഗത്തിലാണ് മെഡലുകള്‍ ലഭിച്ചത്. ഇടുക്കിയ്ക്ക് അഭിമാനിക്കാനുള്ള വകയുണ്ടെങ്കിലും മൂവരും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്.

അയര്‍ലണ്ടില്‍ നിന്നും നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തുവെങ്കിലും ഈ മൂന്നു കുരുന്നുകള്‍ക്കു മാത്രമാണ് മെഡല്‍ നേടാനായെന്നത് മലയാളികള്‍ക്ക് അഭിമാനിക്കത്തക്കതായി. ആഴ്ചയില്‍ രണ്ടു ദിവസമാണ് മൂവര്‍ സംഘം കരാട്ടേ പരീശീലനത്തിനായി മാറ്റിവച്ചിരിക്കുന്നത്. ജോലിയുടെ ഭാഗമായി അയര്‍ലണ്ടിലെ കോര്‍ക്ക് ബ്ലാര്‍ണിയില്‍ സ്ഥിരതാമസമാക്കിയ ഷിമികയുടെ മാതാപിതാക്കളായ സാബു സെബാസ്റ്റിയന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറും മാതാവ് സോളി കോര്‍ക്ക് യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമാണ്. മൂവര്‍ സംഘത്തിന്റെ പരിശീലനത്തിനു മികച്ച പിന്തുണ നല്‍കുന്ന മാതാവ് സോളിയും കരാട്ടേ പരിശീലനം നടത്തുന്നുണ്ട്. 
ഷിനിക സാബു സ്വര്‍ണ്ണമെഡലുമായി ഷിനികയും സഹോദരങ്ങളും മെഡലുകളുമായി.