കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 22 വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിന്റെ ജോലി സമയം പകലാക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് കമ്മീഷന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയത്. 

ആലപ്പുഴ: സെറിബ്രല്‍ പാഴ്‌സി രോഗം ബാധിച്ച മകനുള്ള സ്റ്റാഫ് നേഴ്‌സിന് പകല്‍ ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ധേശിച്ചു. കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 22 വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിന്റെ ജോലി സമയം പകലാക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് കമ്മീഷന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയത്. 

രോഗബാധിതനായ മകന് ആഹാരം കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. മാനുഷിക പരിഗണന നല്‍കി നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കമ്മീഷന്‍ ജില്ലാ ലേബര്‍ ഓഫീസറില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. രാത്രികാലങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന ജീവനകാര്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലാളികളുടെ ഇടപെടല്‍ കാരണം സമയം ക്രമീകരിച്ചിട്ടുണ്ട്. കുട്ടിയെ പരിചരിക്കേണ്ട ബാധ്യത ഹര്‍ജിക്കാരിക്കുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. കുട്ടിയെ നോക്കാന്‍ ജോലി ഉപേക്ഷിച്ചാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും. പരാതിക്കാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പകല്‍ ഡ്യൂട്ടി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.