മെഡിക്കല്‍ കോളേജാശുപത്രിയില്‍ തലകറക്കത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക് തൊട്ടടുത്ത കിടക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ വൃദ്ധന് നല്‍കേണ്ട മൂന്ന് കുത്തിവെയ്പുകളില്‍ ഒന്ന് മാറിനല്‍കുകയായിരുന്നു.

ആലപ്പുഴ: വൃദ്ധന് നല്‍കേണ്ട കുത്തിവെയ്പ് വിദ്യാര്‍ത്ഥിക്ക് മാറി നല്‍കിയ സംഭവത്തില്‍ ഉത്തരവാദിയായ നേഴ്‌സിനെ സസ്‌പെന്റ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വോളന്റിയറായി പ്രവര്‍ത്തിച്ച നേഴ്‌സിനേയാണ് സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് 17-ാം വാര്‍ഡ് കൊപ്പംപറമ്പില്‍ ജോസഫ്, ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ അജയ് ജോസഫിന് കുത്തിവെയ്പ് നല്‍കിയത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ തലകറക്കത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക് തൊട്ടടുത്ത കിടക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ വൃദ്ധന് നല്‍കേണ്ട മൂന്ന് കുത്തിവെയ്പുകളില്‍ ഒന്ന് മാറിനല്‍കുകയായിരുന്നു.

സംഭവം വിവാദമായതോടെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ബന്ധുക്കള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നേഴ്‌സിന് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്ന് മാറ്റിയത്.