ചെറുവത്തൂർ സ്വദേശി പ്രകാശനാണ് കീഴടങ്ങിയത്.  

പയ്യന്നൂർ (കണ്ണൂർ) : റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കീഴടങ്ങി. ചെറുവത്തൂർ സ്വദേശി പ്രകാശനാണ് കീഴടങ്ങിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് നൗഫലിനെ മദ്യലഹരിയിൽ ഇയാൾ ആക്രമിച്ചത്. കണ്ണൂർ താണ സ്വദേശി നൗഫലിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മാസങ്ങൾ നീണ്ടപൊലീസ് അന്വേഷണത്തിന് ഒടുവിലാണ് പ്രതി അറസ്റ്റിലാകുന്നത്. 

ആന്തരികാവവയവങ്ങൾക്ക് ക്ഷതമേറ്റായിരുന്നു മരണം. ഇന്ന് കീഴടങ്ങിയ പ്രകാശൻ കഴിഞ്ഞ വർഷം ഡിസംബ‍ർ 9നാണ് ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിൽ വെച്ച് നൗഫലുമായി മദ്യലഹരിയിൽ വാക്കേറ്റമുണ്ടായത്. സംഘർഷത്തിൽ നൗഫലിന് പരിക്കേറ്റു. മർദിച്ച കൂട്ടത്തിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ നൗഫൽ ഇവിടെ ഗുഡ്സ് റൂമിന് പുറത്തെ കവാടത്തിൽ കിടന്ന് മരിച്ചു.

ഇതോടെ പ്രതികൾ ഒളിവിൽ പോയി. നൗഫലിന്റെ ഫോൺ കേന്ദ്രീകരിച്ചടക്കം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ പ്രകാശൻ കീഴടങ്ങിയത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മറ്റു പ്രതികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഇത്തരത്തിൽ മദ്യപരുടെ കേന്ദ്രമാകുന്നതിലും, സംഘർഷങ്ങൾ പതിവാകുന്നതിലും വലിയ പ്രതിഷേധമാണ് നാട്ടുകാരിലടക്കം ഉള്ളത്.