വിദേശ വനിതയെ കാണാതായ സംഭവത്തില്‍ കോവളത്ത് തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂബാ ഡൈവേഴ്‌സിനെ ഉപയോഗിച്ച് കടലില്‍ തെരച്ചില്‍ നടത്തി.

തിരുവനന്തപുരം: വിദേശ വനിതയെ കാണാതായ സംഭവത്തില്‍ കോവളത്ത് തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂബാ ഡൈവേഴ്‌സിനെ ഉപയോഗിച്ച് കടലില്‍ തെരച്ചില്‍ നടത്തി. കോവളം ലൈറ്റ് ഹൗസിന് സമീപത്തെ കടലിലെ പാറക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് മുങ്ങള്‍ വിദഗ്ദ്ധരായ സ്‌കൂബാ ഡൈവേഴ്‌സിന്റെ ആറംഗ സംഘം തെരച്ചില്‍ നടത്തിയത്. 

യുവതി അബദ്ധവശാല്‍ കടലില്‍ വീണിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് കോവളത്തെ കടലിലെ പാറക്കൂട്ടങ്ങളില്‍ തെരച്ചില്‍ നടത്തിയത്. വിഴിഞ്ഞം തീരദേശ പോലീസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, എസ്.ഐ ഷാനിബാസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം നടന്ന തെരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ദത്തന്‍, വിഴിഞ്ഞം സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. അന്വേഷണത്തിന് ഡോഗ് സ്‌ക്വാഡിന്റെ സേവനവുമുണ്ട്. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഈ മാസം 14 നാണ് തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ഐറിഷ് സ്വദേശിയായ ലിഗയെ കാണാതായത്. വിഷാദരോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സഹോദരിയോടൊപ്പം എത്തിയതായിരുന്നു ലിഗ. കോവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവരെ കണ്ടതായി മൊഴികളുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.