ആലപ്പുഴ: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ചിക്കര വഴിപാടിന് കുരുന്നുകളുടെ തിരക്കേറി. വഴിപാടിന് ചെലവ് വര്‍ധിച്ചത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവദിനങ്ങളില്‍ കുരുന്നുകളുടെ പങ്കാളിത്തമാണ് ചിക്കരവഴിപാട്. കുട്ടികള്‍ ക്ഷേത്രത്തില്‍ താമസിച്ച്് ഉത്സവച്ചടങ്ങുകളില്‍ സാക്ഷിയാകുന്ന വഴിപാട് അമ്മമാര്‍ നേരുന്നതാണ്.
സന്താനലബ്ദിക്കും ബാലാരിഷ്ടതകള്‍ മാറാനും ഉള്ള വഴിപാടാണിത്. അരയിലും തലയിലും ചുവന്ന പട്ട് ചുറ്റിക്കഴിഞ്ഞാല്‍ കുട്ടികളെ ദേവീ സമമായിക്കണ്ടാണ് വിശ്വാസികള്‍ ആരാധിക്കുന്നത്. ചിക്കരകുട്ടികള്‍ ഉത്സവ ദിനങ്ങളില്‍ ക്ഷേത്രപരിസരത്ത് തന്നെ താമസിക്കണമെന്ന നിയമം ഉണ്ട്. ചിക്കരകുട്ടികള്‍ താമസിക്കുന്ന സ്ഥലമാണ് ചിക്കരക്കൊട്ടില്‍. 21 ദിവസത്തെ താമസത്തിനായി കണിച്ചുകുളങ്ങരയിലെ സ്വകാര്യവ്യക്തികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന വാടകയാണ് ഈടാക്കുന്നത്.
35,000 രൂപാ മുതല്‍ 80,000 രൂപ വരെ വാടക ഈടാക്കുന്നുണ്ട്. മുറികളുടെ സൗകര്യം അനുസരിച്ചാണ് വാടക. എ സി മുറികള്‍ വരെ ഇവിടെ ലഭിക്കും. ചിലര്‍ കുടില്‍കെട്ടാന്‍ സ്ഥലം വാടകയ്ക്ക് നല്‍കുന്നുണ്ട്. 3000 രൂപമുതലാണ് തറവാടക. ക്ഷേത്രം അധികൃതര്‍ ചിക്കരകുട്ടികള്‍ക്ക് താമസിക്കുവാന്‍ കൂറ്റന്‍ പന്തലുകള്‍കെട്ടി പതിനായിരം രൂപ നിരക്കില്‍ മുറികള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ഇവിടെ താമസിക്കുന്നത്. മറ്റുള്ളവര്‍ കുടുംബസമേതം സ്വകാര്യമുറികളിലും കുടിലുകളിലും താമസിക്കും. കുട്ടി ചിക്കരയ്ക്ക് ഇരുന്നാല്‍ വീട് താല്‍ക്കാലികമായി ക്ഷേത്ര പരിസരത്തേക്ക് മാറും. 21 ദിവസത്തെ ഉത്സവം കഴിയുമ്പോള്‍ കുറഞ്ഞത് 1 ലക്ഷമെങ്കിലും ചിക്കരകുട്ടിയുടെ വീട്ടുകാര്‍ക്ക് ചിലവാകും.
