ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് തല്ക്കാലം പ്രായോഗികമല്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.

ദില്ലി: അടുത്ത വര്‍ഷം നടക്കേണ്ട ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന റിപ്പോര്‍ട്ടുകൾ ബിജെപി തള്ളിക്കളഞ്ഞു. ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് തല്ക്കാലം പ്രായോഗികമല്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടായിരത്തി പത്തൊമ്പതിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. രണ്ട് ചർച്ചകളാണ് ഇതുവരെ ദേശീയ തലത്തിൽ ഉണ്ടായിരുന്നത്. ഒന്ന് രാജസ്ഥാൻ, മധ്യപ്രദേശ്. ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് നവംബറിൽ നടക്കും. അല്ലെങ്കിൽ ആ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വൈകിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ ഒന്നിച്ച് നടത്തുക. ഇക്കാര്യത്തിലെ സംശയങ്ങൾ അവസാനിപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം ബാക്കിയുണ്ടെന്ന് പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു

ലോക്സഭ-നിയമസഭ തെരഞ്ഞടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന നരേന്ദ്ര മോദിയുടെ നിലപാടിനെ രാഷ്ടപതി രംനാഥ് കോവിന്ദും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പിന്തുണച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനാവശ്യ വിവാദം തല്ക്കാലം വേണ്ടെന്നാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയിലും സർക്കാരിലും തെരഞ്ഞെടുപ്പിൻറെ സമയത്തെക്കുറിച്ചുണ്ടായിരുന്ന ആശയക്കുഴപ്പവും ഇതോടെ മാറുകയാണ്. എൻഡിഎയിലെ ശിവസേന ഉൾപ്പെടെയുള്ള പാർട്ടികളെ ഒപ്പം നിറുത്തിയാവും തെരഞ്ഞെടുപ്പ് നേരിടുകയെന്നും അമിത് ഷാ അറിയിച്ചു.