കുവൈത്ത് സിറ്റി: നിയമം വന്നിട്ടും കുവൈറ്റിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു. ഈ വര്‍ഷം ഇതുവരെ 2,210 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. 2014 ല്‍ 1212 സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 1461 ആയി. ഈ വര്‍ഷം ഇതുവരെ 2210-കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
അവഹേളന, അപകീര്‍ത്തി കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളത്.കബളിപ്പിക്കല്‍, വഞ്ചന, ഭീഷണിപ്പെടുത്തലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. ഇത്തരം കേസുകളില്‍ ഭൂരിഭാഗവും കോടതിയുടെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്. തങ്ങളുടെ സ്വകാര്യതയുടെമേല്‍ കടന്നുകയറി വ്യക്തിപരമായ അക്കൗണ്ടുകളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി നിരവധി കലാകാരന്‍മാരും മറ്റു പ്രമുഖ വ്യക്തികളും പരാതിപ്പെട്ടിട്ടുണ്ട്.
വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ട്വിറ്റര്‍, സ്‌നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് മിക്കതും.സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുപയോഗിച്ച് ഭാര്യ ഭര്‍ത്താക്കന്‍മാര്‍ തമ്മിലും കോടതിയില്‍ കേസ് ഫയല്‍ചെയ്തിട്ടുണ്ട്. നിലവിലുള്ള പീനല്‍കോഡില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നിരുന്നില്ല. അതുകൊണ്ട് കഴിഞ്ഞ വര്‍ഷം പുതിയ സൈബര്‍നിയമം പാസാക്കിയിരുന്നു. എന്നിട്ടും,ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
