നിറഞ്ഞുനിന്ന് പെരിസിച്ചും മാൻസൂക്കിച്ചും
മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്രൊയേഷ്യയുടെ ജയത്തിൽ നിർണായകമായത് പെരിസിച്ചിന്‍റെയും മാൻസൂക്കിച്ചിന്‍റെയും പ്രകടനമാണ്. ഗോളുകൾ നേടിയതിനപ്പുറം ക്രൊയേഷ്യയുടെ മുന്നേറ്റത്തിൽ നിറഞ്ഞു നിന്നു ഇരുവരും.
അവസാനിക്കാത്ത പോരാട്ട വീര്യമാണ് ക്രോട്ടുകൾക്ക്. ഒറ്റയ്ക്കെടുത്താൽ അവരാരെയും കളിയിൽ കണ്ടെന്നു വരില്ല. ഒന്നിച്ചാൽ അത് തകർക്കാൻ പറ്റാത്ത മതിലായി മാറും. ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിനെ തടയാൻ ഇംഗ്ലണ്ട് തീർത്ത പ്രതിരോധമാവാം പെരിസിച്ചിനെ ഉണർത്തിയത്. തുറന്നു കിട്ടിയ അവസരങ്ങൾ കൊണ്ട് ഒന്നൊന്നായി ഇംഗ്ലീഷുകാരെ പരീക്ഷിച്ചു പെരിസിച്ച്.
ഇടതു വിങ്ങിൽ നിന്ന് കൂട്ടുകാർക്ക് നിരന്തരം പന്ത് നൽകി. വീണിടത്തുനിന്ന് മുന്നേറാൻ ഒടുവിൽ ഊർജം നൽകാനും തന്‍റെ കാലുകളെത്തിച്ചു. വീണ്ടും പെരിസിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. പോസ്റ്റിൽ തട്ടിത്തെറിച്ചത് സ്വപ്നം കണ്ട കിരീടമാണോ എന്ന് സംശയിച്ചു ക്രോട്ടുകൾ. എന്നാല്‍ അവിടെ നിന്ന് തുടങ്ങുകയായിരുന്നു മാൻസൂക്കിച്ച്.
കളിയിൽ മാൻസൂക്കിച്ചിന്‍റെ പേര് പറയാൻ കിട്ടിയ അവസരങ്ങൾ വിരളമായിരുന്നു. ലോകകപ്പിലെ ഏറ്റവും ഭാവനാസമ്പന്നമായ മധ്യനിര നൽകിയ പാസുകൾ കളഞ്ഞു കുളിക്കുന്നെന്ന ചീത്തപ്പേര് മാറ്റാൻ ഒരേയൊരു ഷോട്ട്. അഞ്ച് കളികളിൽ നിന്ന് രണ്ടാം ഗോൾ. പ്രതിരോധവും മധ്യനിരയും ചേർന്നുള്ള ക്രോട്ടുകളുടെ ആക്രമണം തുടർന്നാൽ ലുഷ്നിക്കിയിൽ ലോകകിരീടത്തിന് പുതിയ അവകാശികളാകും.
