മാര്‍ക്കറ്റ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന റഫീല (28), മകള്‍ ലുലു (ഒന്ന്), മാര്‍ക്കറ്റിലെ വ്യാപാരി മമ്മൂട്ടി (50) എന്നിവരെയാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നായ ആക്രമിച്ചത്. നായയെ പിന്നീട് നാട്ടുകാര്‍ വാഹനം കയറ്റി കൊന്നു. 

വയനാട്: മീനങ്ങാടിയില്‍ തെരുവ് നായുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന റഫീല (28), മകള്‍ ലുലു (ഒന്ന്), മാര്‍ക്കറ്റിലെ വ്യാപാരി മമ്മൂട്ടി (50) എന്നിവരെയാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നായ ആക്രമിച്ചത്. നായയെ പിന്നീട് നാട്ടുകാര്‍ വാഹനം കയറ്റി കൊന്നു. 

മീനങ്ങാടി മാര്‍ക്കറ്റിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. സ്ഥിതി ഇങ്ങനെയായിരിക്കെ പഞ്ചായത്തിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാരോപിച്ച് ജനം സംഘടിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. പ്രകോപിതരായ ജനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ ചപ്പുചവറുകള്‍ക്ക് തീയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. 

ചത്ത നായയെ കൊണ്ടുപോകാന്‍ പഞ്ചായത്ത് അധികാരികള്‍ എത്തണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. തുടര്‍ന്ന് വൈകുന്നേരം ഏഴ് മണിയോടെ പഞ്ചായത്ത് ജീവനക്കാരനെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്. തെരുവ്‌നായ ശല്യം സംബന്ധിച്ച് പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് മാര്‍ക്കറ്റ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.