കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്കായിരുന്നു നാട്ടുകാർ കെണിയൊരുക്കി വച്ചത് 

കാസർകോട്: കാസർകോട് ജില്ലയിലെ ബളാലിൽ കാടുവിട്ടിറങ്ങി നാട്ടിലെത്തിയ പുള്ളിപ്പുലി പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി. കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷിക്കാൻ വനപാലകരുടെ ശ്രമം തുടരുകയാണ്. വ്യാഴാഴ്ച (21-6-2018) രാവിലെ 8 മണിയോടെയാണ് കള്ളാർ പഞ്ചായത്തിലെ പൂടങ്കല്ല് ഓണിയിൽ ഏകദേശം രണ്ട് വയസ് പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ പണിക്ക് വെച്ച കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. 

നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് നിന്നും ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും രാജപുരം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയിൽ തന്നെ പുലി കുടുങ്ങിയെന്നാണ് സംശയിക്കുന്നു. സൈക്കിൾ കേബിളിൽ ഒരുക്കിയ കെണിയുടെ കുരുക്ക് കാലിൽ കുടുങ്ങിയ ശേഷം രക്ഷപ്പെടാനായി ചുറ്റിവലിഞ്ഞത് കാരണം പുലി അവശ നിലയിലായിട്ടുണ്ട്. 

മയക്കുമരുന്ന് കുത്തിവെച്ച് പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. പുലി കെണിയിൽ വീണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാന്ന് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഒരുവർഷം മുൻപ് ബളാലിൽ ഒരുപുലി കെണിയിൽ കുടുങ്ങി ചത്തിരുന്നു. വനപ്രദേശമല്ലെങ്കിലും പുലി എവിടെ നിന്നാണ് ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ എത്തുന്നതെന്ന് കണ്ടെത്താൻ ഇതുവരെ കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

വളർത്ത് മൃഗങ്ങൾ പുലിയുടെ അക്രമണത്തിനിരയാകുന്നത് പരാതിപ്പെട്ടാൽ അത് പുലിയല്ലെന്നും കാട്ടു പൂച്ചയാണെന്നും പറഞ്ഞു വനപാലകർ ഒഴിഞ്ഞു മാറുകയാണ് പതിവെന്നും നാട്ടുകാർ ആരോപിച്ചു.
യഥാർത്ഥ പുലി കെണിയിൽ കുടുങ്ങിയതോടെ ബന്ധപ്പെട്ടവർ സമീപ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.