തിരുവനന്തപുരം: ലൈംഗിക പീഡനം ചെറുക്കാൻ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഒരുപക്ഷേ അദ്ഭുതത്തോടെയാണ് കേരളം കേട്ടത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം മലയാളികളും രംഗത്തെത്തി.
കഴിഞ്ഞദിവസം രാത്രി പത്തരയോടെ പേട്ടയിലെ യുവതിയുടെ വീട്ടിൽ വെച്ച് നടന്ന സംഭവത്തെക്കുറിച്ച് യുവതി നല്‍കിയ മൊഴിയില്‍ പറയുന്നത് ഇതാണ്. വർഷങ്ങളായി സ്വാമിയുടെ ഉപദ്രവം സഹിക്കുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കാലത്തെ തുടങ്ങിയതാണ്. തനിക്ക് ഈശ്വര കോപമുണ്ടെന്നും പരിഹാരമായി കോട്ടയം, എറണാകുളം ജില്ലകളിലെ ആശ്രമങ്ങളും അമ്പലങ്ങളും സന്ദർശിച്ച് പൂജകൾ നടത്തേണ്ടിവരുമെന്നും വീട്ടുകാരോട് പറഞ്ഞു.
ഇത് വിശ്വസിച്ച വീട്ടുകാർ പ്ലസ് ടു വിദ്യാർഥിയായ പെൺകുട്ടിയെ ഗംഗേശാനന്ദക്കൊപ്പം അയച്ചു. ഈ കാലത്താണ് ആദ്യമായി പീഡനത്തിന് ഇരയായത്. തന്നിലൂടെ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനം. എന്നാൽ, തിരിച്ചറിവെത്തിയതോടെ പീഡനത്തെ എതിർത്തു. പക്ഷേ വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയിൽ മോശക്കാരിയാക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി സ്വാമി പീഡനം തുടര്‍ന്നു.
വീട്ടുകാർ അന്ധമായി സ്വാമിയെ വിശ്വസിച്ചിരുന്നതിനാൽ തന്നെ ഉപദ്രവിക്കുന്ന കാര്യം വിശ്വസിക്കുമായിരുന്നില്ല. ഒരുഘട്ടത്തിൽ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. സംഭവദിവസം രാത്രി വീട്ടിലെത്തിയ സ്വാമി ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെങ്കിലും വഴങ്ങിയില്ല.
തുര്‍ന്ന് രാത്രിയിൽ മുറിയിൽ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി. ഈ കത്തിപിടിച്ചുവാങ്ങിയാണ് ജനനേന്ദ്രിയം മുറിച്ചത്. സ്വാമിയെ ആക്രമിച്ചകാര്യം താന്‍ തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയിച്ചത്. പൊലീസെത്തിയ ശേഷമാണ് വീട്ടുകാർ പോലും വിവരമറിയുന്നത്. അവസാനം സ്വയരക്ഷക്കു വേണ്ടിയാണ് കത്തിയെടുക്കേണ്ടിവന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീഹരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പോക്സോയും ബലാൽസംഗവും ചുമത്തിയാണ് അറസ്റ്റ്. എന്നാല്‍ സ്വയം ജനേന്ദ്രിയം മുറിച്ചുവെന്ന് ഡോക്ടര്‍ക്ക് ആദ്യം മൊഴി നൽകിയ സ്വാമി പിന്നീട് പൊലീസിന് നൽകിയ മൊഴിയിൽ മാറ്റം വരുത്തി. കാൽതടവികൊണ്ടിരിക്കുന്നതിനിടെ യുവതി തന്‍റെ ജനനേന്ദ്രിയം മുറിച്ചുവെന്നാണ് പുതിയ മൊഴി.
സ്വാമിക്കെതിരെ യുവതിയുടെ കുടുംബം സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉന്നയിക്കുന്നുണ്ട്.
