പ്രസവത്തെ തുടർന്നുണ്ടായ അമിത രക്ത സ്രാവത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഹരിപ്പാട്: തോട്ടപ്പള്ളി കൊട്ടാരവളവ് എസ്.എസ് ഭവനത്തിൽ സുധീഷിന്‍റെ ഭാര്യ നീതുവാണ് (അശ്വതി-27) പ്രസവത്തെ തുടർന്നുണ്ടായ അമിത രക്ത സ്രാവത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30 ഓടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയാണ് പ്രസവത്തിനായി ഡാണാപ്പടിയിലുള്ള സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് നേതൃത്വത്തിലായിരുന്നു തുടക്കം മുതൽ ചികിത്സ നടത്തിയിരുന്നത്. നീതുവിന്‍റെ രണ്ടാമത്തെ പ്രസവമായിരുന്നു. തിങ്കഴ്ച ഉച്ചയ്ക്ക് സിസേറിയൻ ഓപ്പറേഷനിലൂടെ പെൺകുഞ്ഞ് ജനിച്ചു. രക്ത സ്രാവം നിലക്കാതെ വന്നതിനെ തുടർന്ന് ആശുപത്രി സ്റ്റാഫുകളിൽപ്പെട്ട മൂന്ന് പേരുടേയും മറ്റ് രണ്ട് പേരുടേയും രക്തം കൊടുത്തുവെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചെ 5.30 ഓടെ നീതു മരണത്തിന് കീഴടങ്ങി. സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലമാണ് നീതു മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആംബുലൻസിൽ മൃതദേഹവുമായി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. ബന്ധുക്കൾ ഹരിപ്പാട് പോലീസിൽ പരാതി നല്കി.
