മലമ്പുഴ: പാലക്കാട് ജില്ലയിലെ വേനോലി ഊറോളിക്കാട്ടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടികച്ചൂളയില്‍ പണിക്കെത്തിയ തമിഴ്നാട്ടുകാരിയായ വീട്ടമ്മ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. മറ്റൊരു യുവാവിന് പരിക്കേറ്റു. തമിഴ്നാട് വെളിപുരം ശങ്കരാപുരം മേട്ടുത്തെരുവ് ഷെരീഫിന്റെ ഭാര്യ ബീബിജാനെയാണ് (65) ആനയുടെ ചവിട്ടേറ്റ് മരിച്ചത്. നാഗപട്ടണം രാജാങ്കം തിരുനഗറിലെ ആര്‍. ബാലുവിനാണ് (46) പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നട്ടെല്ലിന് താഴെ ഗുരുതരമായി പരിക്കേറ്റ ബാലുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വനംവകുപ്പിന്റെ വാഹനത്തില്‍ റോഡിലെത്തിച്ചശേഷം കഞ്ചിക്കോടുനിന്ന് അഗ്‌നിരക്ഷാസേനയെത്തി ആറുമണിയോടെയാണ് ബീബിജാന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്.
പ്രദേശത്ത് ദിവസങ്ങളായി മൂന്ന് ആനകളുണ്ട്. പുലര്‍ച്ചയോടെയെത്തിയ ഒറ്റയാന്‍ പലചരക്ക് സൂക്ഷിച്ചിരുന്ന ഷെഡ്ഡ് തകര്‍ത്തു. ഈ സമയം ഇറങ്ങിയോടിയ ബാലുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി കൊമ്പ് കൊണ്ട് കുത്തി മുറിവേല്പിക്കുകയായിരുന്നു. ശാരീരികാവശതകള്‍ കാരണം ഓടാനാവാത്ത അവസ്ഥയിലായിരുന്നു ബീബിജാന്‍. ആനയെത്തിയപ്പോള്‍ മറ്റുള്ളവര്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടിട്ടും ഇവര്‍ക്ക് ഓടിമാറാനായില്ല.
