എടപ്പാൾ തിയേറ്റർ പീഡനത്തിൽ ചങ്ങരംകുളം എസ്ഐയെ അറസ്റ്റ് ചെയ്തു
എടപ്പാൾ: തിയറ്റർ പീഡനക്കേസിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ എസ്ഐ അറസ്റ്റിൽ. ചങ്ങരംകുളം എസ്ഐ കെജി ബേബിക്കെതിരെ നേരത്തെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എസ്ഐയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് പോക്സോ നിയമപ്രകാരം നേരത്തെ തന്നെ എസ്.ഐക്കെതിരെ കേസെടുത്തിരുന്നു. കുറ്റകൃത്യം മറച്ചുവക്കൽ തുടർനടപടികളിലെ വീഴ്ച്ച എന്നീ കുറ്റങ്ങളാണ് കെ.ജി.ബേബിക്കെതിരെ ചുമത്തിയിരുന്നത്. കേസെടുത്തെങ്കിലും എസ്.ഐക്കെതിരെ അറസ്റ്റ് ഉൾപെടെയുള്ള തുടർ നടപടികളൊന്നും അന്വേഷണ സംഘം ഇതു വരെ ചെയ്തിരുന്നില്ല.
ഇതിനിടയിലാണ് ദൃശ്യങ്ങൾ ചൈൽഡ് ലൈനു കൈമാറിയ തിയേറ്റർ ഉടമ സതീഷിനെ പൊലീസ് മൊഴിയെടുക്കാനെന്ന പേരിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ വിവാദമായതോടെയാണ് എസ്.ഐയേയും പെട്ടന്ന് തന്നെഅറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. തിയേറ്റർ ഉടമക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധമുണ്ടായി.
ഇതിനിടെ കേസിൽ മൊഴിയെടുക്കാൻ എടപ്പാളിലെ സാമൂഹ്യ പ്രവർത്തകയോട് ഇന്ന് ഹാജരാകണരെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും രാവിലെ വിളിച്ച് ആവശ്യമില്ലന്നറിയിച്ചു. ഇതും തിയേറ്റർ ഉടമയുടെ അറസ്റ്റ് വിവാദമായതിനാലാണെന്നാണ് സൂചന.
