നെയ്യാറ്റിന്‍കര: ഷോർട്ട് ഫിലിം നിർമ്മിക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ വിദ്യാർത്ഥി അടക്കം നാല് പേർ നെയ്യാറ്റിൻകരയിൽ പിടിയിലായി. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂളുകളിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പോലീസ് പിടിയിലായത്
ഷോർട്ട് ഫിലിം നിർമ്മാണത്തോടുള്ള അഭിനിവേശമാണ് സ്കൂള്‍ വിദ്യാർത്ഥിയടക്കം നാല് വിദ്യാര്‍ത്ഥികളെ മോഷണത്തിലേക്കെത്തിച്ചത്. ശ്രീകാര്യം സ്വദേശിയും ഹരികൃഷ്ണനെന്ന് വിളിക്കുന്ന ആകാശ്, ധനുവച്ചപുരം സ്വദേശികളായ സുമേഷ്, അഖിൽ എന്നിവരും ഒരു വിദ്യാർത്ഥിയുമാണ് നെയ്യാറ്റിൻകരയിൽ എസ്പിയുടെ ഷാഡോ സംഘത്തിന്‍റെ പിടിയിലായത്.
അമരവിള ജെബിഎസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഇവർ അമരവിള സ്കൂളിന് പുറമെ ധനുവച്ചപുരം ഗേൾസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, എൽഎം.എസ് ഹയർസെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളിലെ ലാപ്ടോപ്, കംപ്യൂട്ടര്‍,ക്യാമറ, മൈക്ക്സെറ്റ് തുടങ്ങിയവ മോഷ്ടിച്ച് വിൽപ്പന നടത്തി.
ഇങ്ങനെ ലഭിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഷോർട്ട് ഫിലിം നിർമ്മാണം, വീഡിയോ ആൽബം എന്നിവ നിർമ്മിക്കുകയാണ് ഇവർ ചെയതിരുന്നത്. കൂടുതൽ പണം കണ്ടെത്താൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂളുകളിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പ്രതികൾ ഷാഡോ സംഘത്തിന്‍റെ പിടിയിലാകുന്നത്.
നാല് മാസം മുൻപാണ് പ്രതികൾ മോഷണത്തിലേക്ക് എത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
