വരാപ്പുഴ എസ്ഐയായിരുന്ന ദീപക്കിന്റെ വീട്ടിൽ മോഷണം മൂന്ന് പേര്‍ പിടിയില്‍
തിരുവനന്തപുരം: വരാപ്പുഴ എസ്ഐയായിരുന്ന ദീപക്കിന്റെ നെയ്യാറ്റിൻകരയിലെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മൂന്ന് പേരാണ് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ചിലാണ് എസ് ഐ ദീപക്കിന്റെ വീട്ടിൽ മോഷണം നടന്നത്. ടാബ്, ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവയാണ് മോഷണം പോയത്. മോഷണ കേസില് ജാസ്മിൻ കുമാർ, ബിനു, ഷിമി കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞ ഭാഗത്ത് നടന്ന മോഷണ പരമ്പര അന്വേഷിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.
പിടിയിലായ ജാസ്മിനെതിരെ തിമിഴ്നാട്ടിലും പിടിച്ചുപറിക്ക് കേസുണ്ട്. രണ്ട് പ്രാവശ്യം കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ബിനു. മോഷണ മുതലുകൾ വിറ്റുകിട്ടുന്ന തുക മദ്യപാനത്തിനും ആഡംബര ജീവിതത്തിനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ പിടിയിലായതോടെ ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷമായി തെളിയാതെ കിടന്ന 25ഓളം മോഷണ കേസുകൾ തെളിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
