തേനി കാട്ടുതീ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ ഗൈഡുമാരോ ഇല്ല

തേനി: പ്രകൃതി മനോഹാരിതകൊണ്ട് സമ്പന്നമായ കേരളാ- തമിഴ്നാട് അതിര്‍ത്തി മലനിരയായ കൊളുക്കുമലയിലേക്ക് തമിഴ്നാട് കുരങ്ങിണിവഴി ട്രക്കിംഗ് നടത്തുന്നതിന് ആവശ്യമായത് കേവലം ഇരുനൂറ് രൂപമാത്രം. കുരങ്ങിണിയിലെത്തി വനപാലകര്‍ക്ക് പണം നല്‍കിയാല്‍ രണ്ട് ദിവസം മലയില്‍ ചുറ്റി നടക്കാം. 

ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആവശ്യത്തിന് ഗൈഡുമാരെ ഇവിടില്ല. കഴിഞ്ഞ ദിവസം വന്‍ ദുരന്തം വിതച്ച കുരങ്ങിണി മലയിലെ തീപിടിത്തത്തില്‍ അകപ്പെട്ട വിനോദസഞ്ചാര സംഘത്തിനൊപ്പവും പരിചയസമ്പന്നരായ ഗൈഡില്ലായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊളുക്കുമല സന്ദര്‍ശിച്ചിട്ടുള്ള ചെന്നൈ സ്വദേശിയായ ഒരു ചെറുപ്പക്കാരനാണ് ഇവരെ മലയിലേയ്ക്ക് കൂട്ടികൊണ്ടുപോയത്. മുന്‍പരിചയമില്ലാത്തതിനാല്‍ കാട്ടുതീ ഇരുവശത്തുനിന്നും കത്തിപടര്‍ന്നപ്പോള്‍ എവിടേക്കാണ് ഓടിരക്ഷപെടേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടായില്ല.

ട്രക്കിങ്ങിന് പങ്കെടുക്കുന്നവര്‍ക്ക് കാട്ടില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ ഇവര്‍ക്കൊപ്പമെത്തുന്നവര്‍ സംവിധാനം ഒരുക്കണം. എത്രദിവസമാണോ സന്ദര്‍ശകര്‍ കാട്ടില്‍ തങ്ങുന്നതെന്ന് ബന്ധപ്പെട്ടവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം.

എന്നാല്‍ ഇത്തരം മുന്‍കരുതലുകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്നവര്‍ പാലിക്കാത്തതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞ സീസണില്‍ മാത്രം തമിഴ്‌നാട്ടില്‍ നിന്നും കൊളുക്കുമലക്ക് സമീപത്തെ മീശപ്പുലിമല സന്ദര്‍ശിക്കാന്‍ അനധികൃതമായി കയറിയവരുടെ എണ്ണം ഒരു ലക്ഷത്തിലും അധികമാണ്.