കീശ ചോര്‍ന്ന് പോലീസ്; പോലീസ് ജീപ്പിന്റെ ഇന്‍ഷൂറന്‍സ് അടയ്ക്കാന്‍ പണമില്ല

First Published 31, Mar 2018, 10:11 PM IST
There is no money to pay the insurance jeeps of the police jeep
Highlights
  • ഡ്രൈവര്‍മാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് കാലാവധി തീര്‍ന്ന വാഹനങ്ങളില്‍ മിക്കതും തൃശൂര്‍ എ.ആര്‍ ക്യാമ്പില്‍ കയറ്റിയിട്ടിരിക്കുകയാണ്.

തൃശൂര്‍: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ജീപ്പുകളടക്കമുള്ള വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക കാലാവുധി കഴിഞ്ഞിട്ടും പുതുക്കിയില്ല. ഡ്രൈവര്‍മാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് കാലാവധി തീര്‍ന്ന വാഹനങ്ങളില്‍ മിക്കതും തൃശൂര്‍ എ.ആര്‍ ക്യാമ്പില്‍ കയറ്റിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഷൂറന്‍സ് അടച്ച് മാളയില്‍ നിന്നുള്ള വാഹനം കൊണ്ടു പോയി. 

കഴിഞ്ഞ ആഴ്ച പാലക്കാട് അപകടത്തില്‍പ്പെട്ട ജീപ്പിന് ഇന്‍ഷൂറന്‍സ് കഴിഞ്ഞിരുന്നതിനാല്‍, ജീപ്പിന്റെയും ഇടിച്ച മറ്റൊരു വാഹനത്തിന്റെയും അറ്റക്കുറ്റപ്പണികള്‍ പോലീസുകാര്‍ പോക്കറ്റില്‍ നിന്നും പണമെടുത്ത് നിര്‍വഹിക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ ഉടമസ്ഥതയിലാണ് പോലീസ് വാഹനങ്ങള്‍. ഇവയുടെ ഇന്‍ഷൂറന്‍സ്, ടാക്‌സ് അടക്കമുള്ളവ അടക്കുന്നതിനുള്ള തുക ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമാണ് അനുവദിക്കുക. എന്നാല്‍ ഇങ്ങനെ കൂട്ടത്തോടെ ഇന്‍ഷൂറന്‍സ് അടവ് തെറ്റുന്ന സാഹചര്യം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. 
മാള പോലീസിന് പിന്നാലെ, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ വാഹനവും ഇന്‍ഷ്വറന്‍സ് അടച്ച് തിരിച്ചെടുത്തിരുന്നു. പോലീസുകാര്‍ സ്വന്തം കൈയില്‍ നിന്നും പണം എടുത്ത് അടക്കുകയായിരുന്നെന്ന് പറയുന്നു.

ഇന്‍ഷുറന്‍സ് അടയ്ക്കുന്നതിന് പണമില്ലാത്തത് മൂലം വൈകുകയാണെങ്കില്‍ മെസ് ഫണ്ട് പോലുള്ള മറ്റിനങ്ങളിലേക്ക് വകയിരുത്തിയതോ, നിലവിലുള്ളതില്‍ നിന്നോ എടുത്ത് അടയ്ക്കുകയാണ് ചെയ്യുക. ജില്ലയില്‍ റൂറല്‍ പോലീസിനു കീഴില്‍ എ.ആര്‍. ക്യാമ്പ് ഇല്ലാത്തതിനാല്‍ മെസ് ഫണ്ട് പോലുള്ളവ ലഭ്യമല്ലാത്തതും ഇങ്ങനെ വകമാറ്റിയുള്ള ഉപയോഗത്തിന് കഴിയില്ല. ഇങ്ങനെ ഉപയോഗത്തിന് ശേഷം പിന്നീട് ഇത് എഴുതിവാങ്ങിക്കും. 

കാട്ടൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട (വനിത), ചേലക്കര, പഴയന്നൂര്‍ സ്റ്റേഷനുകളിലെ ജീപ്പുകള്‍ ഇന്‍ഷൂറന്‍സ് മുടങ്ങി എ.ആര്‍ ക്യാമ്പിലുണ്ട്. സിറ്റി പരിധിയിലെ സ്റ്റേഷനുകളിലെയും, തടവുകാരെയും, ക്യാമ്പിലെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയിലെ ചിലതും ഇന്‍ഷൂറന്‍സ് മുടങ്ങിയതിലുണ്ടത്രെ. ഇന്‍ഷ്വറന്‍സ് കാലാവധി തീരുന്നതിന് രണ്ടുമാസം മുന്‍പേ തിരുവനന്തപുരത്ത് വിവരം നല്‍കുകയും ഇതനുസരിച്ച് ഫണ്ട് അനുവദിക്കുകയുമാണ് പതിവ്. ഇത്തവണ യഥാസമയം വിവരം നല്‍കിയിട്ടും ഫണ്ട് അനുവദിച്ചിരുന്നില്ലത്രെ.

സര്‍ക്കാരിന്റെ സാമ്പത്തീക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. എന്നാല്‍ ഇത് പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ്. വാഹനമില്ലാത്തതിനാല്‍ വാടക വാഹനങ്ങളെയടക്കം ആശ്രയിച്ച് വേണം പല അത്യാവശ്യ സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാന്‍. സ്വകാര്യ വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയില്ലാത്തതിനാല്‍ പലരും സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവിടുകയാണ് ചെയ്യുന്നത്. 


 

loader