കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെ പോലെയെന്ന് കെ സുധാകരന്‍. പിണറായി ഫാസിസ്റ്റ്, ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ചെയ്തത് ചെറിയ കാര്യം ആണെന്ന് പിണറായി കരുതേണ്ടന്ന് സുധാകരന്‍ പറഞ്ഞു. 

വനിതാ പ്രവേശനം നടന്നു എന്നു പറയാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ യഥാർത്ഥ രീതിയിൽ അല്ല യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. നീചമായ നീക്കമാണ് നമടന്നതെന്നും സുധാകരന്‍ ആരോപിച്ചു. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 


നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.