ഇന്ന് തുലാപ്പത്ത്. വടക്കെ മലബാറില്‍ തെയ്യങ്ങള്‍ മിഴി തുറക്കുന്ന ദിവസം. രാവും പകലും ഇനി തോറ്റംപാട്ടുകള്‍ ഏറ്റുചൊല്ലും. നിലാവില്‍ ചൂട്ടുകറ്റകളൊരുക്കുന്ന തീവെട്ടത്തില്‍ ദൈവങ്ങള്‍ ഉറഞ്ഞുതുള്ളും. ദൈവവും മനുഷ്യനും ഒന്നാകുന്ന അപൂര്‍വ കാഴ്‌ചയ്‌ക്ക് ഇനി ഉത്തരമലബാര്‍ സാക്ഷ്യംവഹിക്കും. തുലാപ്പത്ത് മുതല്‍ മേടപ്പത്ത് വരെ അനുഷ്‌ഠാനങ്ങളുടെ ദിവസങ്ങളാണ്.
സൂര്യദേവന്‍ ഭക്തര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്നുവെന്ന് വിശ്വസിക്കുന്ന പത്താമുദയത്തില്‍ തറവാടുകളും തെയ്യക്കാവുകളും പുലര്‍കാലെ ഭക്തിസാന്ദ്രമാകും. തെയ്യക്കാവുകളില്‍ നിന്നു ലഭിക്കുന്ന നെല്‍ക്കതിര്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യസൂചകമായി പടിഞ്ഞാറ്റയില്‍ (പൂജാമുറി) സൂക്ഷിക്കും.
കാര്‍ഷികവൃത്തി ദൈവികകര്‍മ്മമായി കണ്ട സമൂഹത്തിന്റെ അനുഷ്‌ഠാനവുമാണ് പത്താമുദയം. കന്നുകാലി സമൃദ്ധിക്കു വേണ്ടി കലിച്ചാനൂട്ട് എന്ന ചടങ്ങും ഈ ദിവസം നടത്തുന്നു. പത്താമുദയത്തില്‍ കന്നുകാലി പരിപാലകനായ കാലിച്ചേകോന്‍ തെയ്യം കെട്ടിയാടിക്കും.
ഇന്ന് തുടങ്ങുന്ന തെയ്യക്കാലം ഇടവത്തില്‍ നീലേശ്വരം മന്നമ്പുറത്ത് കാവിലെയും കളരിവാതിക്കലെയും കലശത്തോടെയാണ് സമാപിക്കുക.
