ആലപ്പുഴ കായംകുളത്ത് മരണം നടന്ന വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു സ്‌ത്രീകളുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. വീട്ടിലെ പുരുഷന്‍മാര്‍ കിടന്ന മുറികള്‍ പുറത്തു നിന്ന് പൂട്ടിയാണ് മോഷണം നടത്തിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും കള്ളന്‍മാരെ പിടികൂടാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസമാണ് കായംകുളം ചേരാവള്ളിയിലെ സുജാത മരണമടഞ്ഞത്. ബന്ധുക്കള്‍ ഉള്‍പ്പടെ നിരവധി പേരുണ്ടായിരുന്ന വീട്ടിലായിരുന്നു പുലര്‍ച്ചെ മോഷണം. മരിച്ച സുജാതയുടെ രണ്ട് സഹോദരിമാരും മകളും കിടന്നുറങ്ങിയ മുറിയിലാണ് കള്ളന്‍മാര്‍ കയറിയത്. വീട്ടിലുണ്ടായിരുന്ന പുരുഷന്‍മാര്‍ കിടന്നുറങ്ങിയ മുറി പുറത്തുനിന്ന് കള്ളന്‍മാര്‍ പൂട്ടി. ഗീതയുടെയും ഗിരിജയുടെയും കഴുത്തില്‍ കിടന്ന രണ്ടും രണ്ടര പവനും തൂക്കമുള്ള മാലകള്‍ പൊട്ടിച്ചെടുത്തു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ശീതളിന്‍റെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
രണ്ട് പേരാണ് ഉണ്ടായിരുന്നത്. സ്‌ത്രീകള്‍ എല്ലാവരും ചേര്‍ന്ന് കള്ളന്‍മാരെ വടികളും കല്ലുകളും എടുത്ത് എറിഞ്ഞെങ്കിലും പിടികൂടാനായില്ല. ശീതളിന്, മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുപേരെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് മോഷണത്തിനിരയായ സ്‌ത്രീകള്‍ പറഞ്ഞു.
