തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളിൽ പിടിയിൽ. തുടർച്ചയായ മോഷണങ്ങളിലൂടെ പൊലീസിനെ വലച്ച മുടവൻമുകൾ സ്വദേശി സജീവാണ് പിടിയിലായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാർവതി അമ്മയോട് വഴി ചോദിച്ചെത്തിയ പ്രതി, മാലപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വാഹന നമ്പറിലെ ഒരു അക്കം പ്രതി മായ്ച്ച് കളഞ്ഞിരുന്നു. സ്കൂട്ടറിന്‍റെ പുറകിലുണ്ടായിരുന്ന ചിത്രമായിരുന്നു മറ്റൊരു അടയാളം. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിനും വയർലെസിലൂടെ ഈ വിവരങ്ങൾ ലഭിച്ചു. തുടർന്ന് മ്യൂസിയം പരിസരിത്ത് നിർത്തിയിട്ട ബൈക്കുകളിൽ പരിശോധന നടത്തിയപ്പോഴാണ് അടയാളമുള്ള സ്കൂട്ടർ കണ്ടത്. 

ഉടൻ മ്യൂസിയം സ്റ്റേഷനിൽ വിവരം അറിയിക്കുകയും കൂടുതൽ പൊലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മുടവൻമുകൾ സ്വദേശിയായ സജീവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയിൽ നിന്ന് മോഷ്ടിച്ച മൂന്ന് പവന്‍റെ മാലയും കണ്ടെത്തി. കഴിഞ്ഞ ദിവസം ജവഹർ നഗറിലും രണ്ടു ദിവസം മുൻപ് പൂജപ്പുരയിലും പ്രതി സമാന രീതിയിൽ മോഷണം നടത്തിയിരുന്നു. പ്രായമായ സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്.