ദില്ലി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവലിന്റെ സംഘടനയിലേക്ക് വിദേശ ആയുധ കമ്പനികളിൽ നിന്ന് സഹായം എത്തിയത് വിവാദമാകുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും സംഘടനയിലെ ഡയറക്ടര്‍മാരിൽ ഒരാളാണ്. ദി വയര്‍ ഓണ്‍ലൈൻ പോര്‍ട്ടലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ അമിത്ഷായുടെ മകൻ ജയ്ഷായുടെ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ദി വയര്‍ പുറത്തുകൊണ്ടുവന്നിരുന്നു.
രാജ്യത്തിന്‍റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന ഇന്ത്യ ഫൗണ്ടഷൻ എന്ന സംഘടനയുടെ തലവനാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവൽ. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിൻഹ, എം.ജെ.അക്ബര്‍ എന്നിവര്‍ സംഘടനയിലെ ഡയറക്ടര്‍മാരുമാണ്. ഈ സംഘടന നടത്തിയ പരിപാടികളുടെ സ്പോണ്‍സര്‍മാരെല്ലാം വിദേശ ആയുധ, വിമാന കമ്പനികളാണെന്നാണ് ദി വയര്‍ ഓണ്‍ലൈൻ പോര്‍ടൽ പുറത്തുവിട്ട റിപ്പോര്‍ട്ട്. സ്പോണ്‍സര്‍ കമ്പനികളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ബോയിങ് വിമാന കമ്പനിയുമുണ്ട്. 70,000 കോടി രൂപക്ക് 111 വിമാനങ്ങൾ വാങ്ങാൻ ബോയിംഗ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ നടന്ന ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ കമ്പനിയിൽ നിന്ന് പ്രതിരോധ മന്ത്രിയും വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയും ഡയറക്ടര്‍മാരായ ഫൗണ്ടഷനിലേക്ക് സംഭാവന എത്തിയത് എങ്ങനെ എന്ന ചോദ്യങ്ങൾ ഉയരുന്നു.
കൂടാതെ ഇന്ത്യ ഫൗണ്ടേഷന്റെ വരവുചിലവ് കണക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫൗണ്ടേഷന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതകളുണ്ട്. സാമ്പത്തിക മേഖലയിൽ കോര്‍പ്പറേറ്റുകൾക്ക് ഉപദേശം നൽകുന്ന സംഘടനകൂടിയാണ് ഇന്ന് ഇന്ത്യ ഫൗണ്ടേഷൻ. നോട്ട് നരോധനത്തിനായി സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ വഴിയാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യചര്‍ച്ചകളെല്ലാം നടത്തിയത്. അതുകൊണ്ട് ദോവലിന്റെ മകൻ ശൗര്യ ദോവൽ ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയും പ്രതിപക്ഷ പാര്‍ടികൾ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനങ്ങൾക്കെതിരെ പ്രവര്‍ത്തിക്കാൻ 2009ൽ രൂപീകരിച്ച സംഘടനയായ ഇന്ത്യ ഫൗണ്ടേഷൻ ബി.ജെ.പി അധികാരത്തിൽ എത്തിയ 2014 മുതലാണ് സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഏതായാലും അമിത്ഷായുടെ മകൻ ജയ്ഷാക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് പിന്നിലെ ശൗര്യ ദോവലിനെതിരെയുള്ള വെളിപ്പെടുത്തൽ ബി.ജെ.പി പ്രതിരോധത്തിലാക്കും.
