ബംഗളുരു: കല്‍ബുര്‍ഗി റാഗിംഗ് കേസില്‍ മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് കല്‍ബുര്‍ഗി സെക്കന്റ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.  ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് കൃഷ്ണപ്രിയക്ക് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ആദ്യ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇരുവരേയും ഈ മാസം ഇരുപത്തിരണ്ട് വരെ റിമാന്‍ഡ് ചെയ്തു.

കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അശ്വതിയെ റാംഗിംഗ് ചെയ്തുവെന്ന കേസില്‍ റിമാന്‍ഡ് കാലവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂന്ന് പ്രതികളേയും ഇന്ന് സെക്കന്റ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി പ്രേമാവതി മനഗോളി ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൃഷ്ണപ്രിയ കുഴഞ്ഞുവീണിരുന്നു. അതേ സമയം ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇരുവരുടേയും ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം ഇരുപത്തിരണ്ട് വരെ നീട്ടി. ലക്ഷ്മിക്കും ആതിരക്കുമെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കല്‍ബുര്‍ഗി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യം നിഷേധിച്ചതറിഞ്ഞ് ലക്ഷ്മിയുടേയും ആതിരയുടേയും അമ്മമാര്‍ കോടതി മുറിക്കുള്ളില്‍ കരഞ്ഞു. ഇരു പ്രതികളേയും കല്‍ബുര്‍ഗി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കേസിലെ നാലാം പ്രതി ശില്പ ഇപ്പോഴും ഒളിവിലാണ്. റാംഗിംഗ് കേസിലെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ഡിവൈഎസ്‌പി ഝാന്‍വി അറിയിച്ചു.