തിരുവനന്തപുരം: ആലപ്പുഴ കളക്ടര്‍ ടി. വി അനുപമയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ആണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.

ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്ന് പരിശോധിച്ചിരുന്നു. തുടര്‍ന്ന് കായല്‍ കൈയ്യേറ്റം ഉള്‍പ്പെടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ ക്രമക്കേടുകളില്‍ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രേശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമലംഘനങ്ങള്‍ വ്യക്തമാക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യവുമായി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.