തിരുവനന്തപുരം: മെക്കാനിക്കല്‍ വിഭാഗത്തിന് പുറമെ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. പൊതു ഗതാഗത സംവിധാനത്തെ പൂര്‍ണ്ണമായും ജിപിഎസ് സംവിധാനത്തിലേക്ക് മാറ്റും . കെഎസ്ആര്‍ടിസിക്ക് 1000 വോള്‍വോ ബസ്സുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

മെക്കാനിക്കല്‍ വിഭാഗത്തിന് ഡബിള്‍ ഡ്യൂട്ടി സന്പ്രദായം മാറ്റി സിംഗിള്‍ ഡ്യൂട്ടി ആക്കിയത് വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചട്ടപ്പടി സമരത്തിന്റെ രീതിയിലേക്ക് വരെ ജീവനക്കാര്‍ മാറുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടിയാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നീക്കമാരംഭിച്ചത്. സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി.

ശരാശരി നാലായിരം ബസ്സുകള്‍ നിരത്തിലുള്ള കെഎസ്ആര്‍ടിസിക്ക് ഡ്രൈവര്‍മാരും കണ്ടെക്ടര്‍മാരും കൂടി 16000 ജീവനക്കാര്‍. ഒരു ബസ്സിന് എട്ടര ജീവനക്കാരെന്ന് കണക്ക്. 42000 പെന്‍ഷന്‍കാരെ കൂടി ഉള്‍പ്പെടുത്തിയാല്‍ ഒരു ബസ്സിന്റെ വരുമാനത്തില്‍ നിന്ന് 18 പേര്‍ക്ക് ശന്പളം കൊടുക്കേണ്ട അവസ്ഥ. പുതിയ 1000 വോള്‍വോ ബസ്സിറക്കും. സ്വകാര്യ ബസ്സുകള്‍ക്ക് ലാഭമുണ്ടാക്കും വിധം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഒത്തുകളി അവസാനിപ്പിക്കാനുമുണ്ട് പദ്ധതി.

അതേസമയം 7000 രൂപയില്‍ താഴെ വരുമാനമുള്ള ബസ്സുകളില്‍ മാത്രമെ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം നടപ്പാക്കാനാകൂ എന്ന നിലപാടിലാണ് സര്‍വ്വീസ് സംഘടനകള്‍. ദീര്‍ഘ ദൂര ബസ്സുകള്‍ക്കടക്കം പരിഷ്‌കാരം പ്രായോഗികമല്ലെന്നും വാദമുണ്ട്. ഏഴായിരം രൂപക്ക്താഴെ വരുമാനമുള്ള 840 സര്‍വ്വീസെങ്കിലുമുണ്ടെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്